ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സ്വീഡിഷ് ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ ഐക്കിയ. കമ്പനി ഇന്ത്യയില്‍ വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ഇന്ത്യ സിഇഒ സുസന്ന പുള്‍വറര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡല്‍ഹി-എന്‍സിആര്‍, പുണെ, ചെന്നൈ എന്നിവിടങ്ങളില്‍ പുതിയ സ്റ്റോറുകള്‍ തുറക്കും.
കൂടാതെ ഓണ്‍ലൈന്‍ ഓപ്പറേഷനുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ” അടുത്ത വളര്‍ച്ച ഘട്ടം വളരെയധികം വാഗ്ദാനം ചെയ്യുന്നതും അവസരങ്ങള്‍ നിറഞ്ഞതുമാണ്. ദീര്‍ഘകാല ലക്ഷ്യങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. ഇതിന്റെ ഭാഗമായി ഓംനിചാനല്‍ വിപുലീകരണം നടത്താന്‍ ആഗ്രഹിക്കുന്നു, വിവിധ റീട്ടെയില്‍ ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് ധാരാളം ഇന്ത്യക്കാരുടെ അടുത്തേക്ക് ഞങ്ങള്‍ എത്തും,”പുള്‍വറര്‍ പറഞ്ഞു.
കമ്പനി ഇന്ത്യയില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയതായി അവര്‍ അറിയിക്കുന്നു.2018 ഓഗസ്റ്റ് 9 നായിരുന്നു ആദ്യമായി ഹൈദരാബാദില്‍ സ്റ്റോറുകള്‍ തുറന്നത്. വരും വര്‍ഷങ്ങളില്‍ ജീവനക്കാരുടെ എണ്ണം 3000 ത്തില്‍ നിന്ന് 10000 മാക്കി വര്‍ദ്ധിപ്പിക്കും.
് ലോകമെമ്പാടുമുള്ള റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഐകിയ ഇന്ത്യയില്‍ നിന്ന സാധനങ്ങള്‍ വാങ്ങുന്നുണ്ട്. ഡല്‍ഹി-എന്‍സിആര്‍ ഐകിയയുടെ അടുത്ത വലിയ വിപണിയാണെന്നും പുള്‍വര്‍ പറഞ്ഞു. 2024 അവസാനത്തോടെ ഡല്‍ഹിയില്‍ ഓണ്‍ലൈന്‍ ഓപ്പറേഷനുകള്‍ ആരംഭിക്കാനും 2025 ല്‍ ഗുരുഗ്രാമിലെ ഇംഗ്ക സിറ്റേഴ്സ് ഗുരുഗ്രാം പദ്ധതി തുറക്കാനുമാണ് പദ്ധതി.
ഡല്‍ഹിക്ക് ശേഷം പുണെ, ചെന്നൈ എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറക്കും. ഓംനിചാനല്‍ സജ്ജീകരണത്തോടെ ഓരോ വിപണിയിലും നന്നായി സ്വാധീനമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. മുഴുവന്‍ വലുപ്പമുള്ള സ്റ്റോറുകള്‍, ഫ്‌ലാഗ്ഷിപ്പ് സ്റ്റോറുകള്‍ എന്നിവ ഇന്ത്യയില്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.
കമ്പനി ഇതിനകം 10500 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും പുള്‍വറര്‍ പറഞ്ഞു.