വാഷിങ്ടൺ: സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയെ രക്ഷിക്കാൻ 2.9 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് അംഗീകാരം നൽകി ഇന്റർനാഷണൽ മോനിറ്ററി ഫണ്ട്. ഐ.എം.എഫ് ബോർഡാണ് ദ്വീപുരാഷ്ട്രത്തിന് 2.9 ബില്യൺ ഡോളർ വായ്പ നൽകാൻ തീരുമാനിച്ചത്.
ശ്രീലങ്കൻ സമ്പദ്‍വ്യവസ്ഥയെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള പദ്ധതി നാല് വർഷം കൊണ്ടാവും ഐ.എം.എഫ് നടപ്പാക്കുക. ശ്രീലങ്ക കൂടുതൽ നികുതി പരിഷ്കാരം നടപ്പിലാക്കണമെന്ന് ഐ.എം.എഫ് മാനേജിങ്ങ് ഡയർക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.
രാജ്യത്തെ പാവങ്ങൾക്കായി കൂടുതൽ സാമൂഹ്യസുരക്ഷ പദ്ധതികൾ കൊണ്ടു വരണം. അഴിമതി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ നിർദേശം നൽകി.
ലങ്കൻ പ്രതിസന്ധിക്കുള്ള പ്രധാന കാരണം അഴിമതിയാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. അതേസമയം വായ്പ നൽകിയ ഐ.എം.എഫിനോടും മറ്റ് അന്താരാഷ്ട്ര സുഹൃത്തുക്കളോടും നന്ദി പറയുകയാണെന്ന് ലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണത്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഇത്.
വിദേശനാണ്യ കരുതൽ ശേഖരത്തിലുൾപ്പടെ ഇടിവുണ്ടായതോടെ പെട്രോളിയം ഉൽപന്നങ്ങളുടേതടക്കം ഇറക്കുമതി പ്രതിസന്ധിയിലായിരുന്നു.
തുടർന്ന് പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകണമെന്ന് ശ്രീലങ്ക ഐ.എം.എഫിനോട് അഭ്യർഥിച്ചിരുന്നു.