ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ പരാജയപ്പെടുന്ന പക്ഷം ക്രിപ്റ്റോകറന്‍സി നിരോധനം ചര്‍ച്ചചെയ്യുമെന്ന് അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍. ക്രിപ്‌റ്റോകറന്‍സി നിയന്ത്രണത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ നിയന്ത്രിക്കപ്പെടണമെന്നുതന്നെയാണ് ഐഎംഎഫിന്റെയും അഭിപ്രായം. നിയന്ത്രണം പരാജയപ്പെടുന്ന പക്ഷം നിരോധനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും. രാജ്യങ്ങളുടെ കടം പുനഃക്രമീകരിക്കുന്നതില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ജോര്‍ജീവ പറഞ്ഞു.
രാജ്യങ്ങളുടെ ബാധ്യതകളെക്കുറിച്ച് ന്യായവും വസ്തുനിഷ്ഠവുമായ വിശകലനം നടത്തണമെന്ന് ചൈന അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഎംഎഫ് മേധാവിയുടെ പ്രതികരണം. ഏറ്റവും വലിയ ഉഭയകക്ഷി വായ്പ വിതരണക്കാരാണ് ചൈന.
എല്ലാ പൊതു, സ്വകാര്യ വായ്പ വിതരണക്കാരുമായും വട്ടമേശ സമ്മേളനം നടത്തുന്നു എന്നു പറഞ്ഞ ജോര്‍ജീവ, രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐഎംഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു. അയല്‍രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവ കടുത്ത കട പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യ ജി20 ഉച്ചകോടിയ്ക്ക് ആഥിത്യമരുളുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം രാജ്യം ഏറ്റെടുത്തിരുന്നു.