ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 6.1 ശതമാനമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഏപ്രിലില്‍ 5.9 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. 0.2 ശതമാനമാണ് വര്‍ദ്ധനവ്.
2023 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 7.2 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. തുടര്‍ന്നാണ് ഈ പരിഷ്‌കരണം. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യ നിലിനിര്‍ത്തിയിട്ടുണ്ട്. ചൈനയെ ആണ് ഇക്കാര്യത്തില്‍ ഇന്ത്യ മറികടന്നത്.
2023 ല്‍ 5.2 ശതമാനവും 2024 ല്‍ 4.5 ശതമാനവുമായി ചൈന വളരുമെന്ന് കണക്കാക്കപ്പെടുന്നു.2025 സാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഐഎംഎഫ് 6.3 ശതമാനത്തില്‍ നിലനിര്‍ത്തി. 2023 ല്‍ ആഗോള വളര്‍ച്ച 3 ശതമാനമാകുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2.8 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. വികസിത സമ്പദ്വ്യവസ്ഥകള്‍ മാന്ദ്യത്തിലാണ്. ദുര്‍ബലമായ ഉല്‍പാദനവും സവിശേഷമായ ഘടകങ്ങളുമാണ് കാരണം.അതേസമയം സേവന പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്.
ഐഎംഎഫിന്റെ പുതുക്കിയ പ്രവചനം മറ്റ് ഏജന്‍സികളുടേതിനേക്കാള്‍ കുറവാണ്.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.5 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്ക് പ്രവചിക്കുമ്പോള്‍ 6.4 ശതമാനം വളര്‍ച്ച അനുമാനമാണ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റേത്. ശക്തമായ ആഭ്യന്തര നിക്ഷേപമാണ് വളര്‍ച്ചാ ചാലക ശക്തിയെന്ന് വേള്‍ഡ് ഇക്കണോണിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റില്‍ ഐഎംഎഫ് പറയുന്നു.