
ന്യൂഡല്‍ഹി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം, ചൈനയിലെ പകര്‍ച്ചവ്യാധി അടച്ചുപൂട്ടല്‍, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ കാരണം ആഗോള വളര്‍ച്ചാ അനുമാനം കുറക്കാനൊരുങ്ങുകയാണ് അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ് ). ഈ മാസത്തെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റില്‍ വാര്‍ഷിക അനുമാനം കുറച്ച് രേഖപ്പെടുത്തുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ബുധനാഴ്ച പറഞ്ഞു. ‘അനുമാനം അസ്ഥിരമാണ്. 2022 കഠിനമായിരിക്കും, 2023 അതിലേറെ കഠിനവും’, ബ്ലോഗ് പോസ്റ്റില്‍ ക്രിസ്റ്റലീന ജോര്‍ജീവ എഴുതി.
റഷ്യ-ഉക്രൈന്‍ സംഘര്‍ഷമൂലമുണ്ടായ പണപ്പെരുപ്പം മറികടക്കാന്‍ കേന്ദ്രബാങ്കുകള്‍ പലിശ നിരക്കുയര്‍ത്തുകയാണ്. അത് മാന്ദ്യമുണ്ടാക്കും. സീറോ കോവിഡ് പോളിസി പ്രകാരമുള്ള ചൈനീസ് നിയന്ത്രണങ്ങളും മാന്ദ്യം ക്ഷണിച്ചുവരുത്തുന്നതാണ് അവര്‍ പറഞ്ഞു.
ഏപ്രിലില്‍, ആഗോള വളര്‍ച്ചാനിരക്ക് 3.63 ശതമാനമായി ഐംഎഫ് കുറച്ചിരുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് മുന്‍പ് 4.4 ശതമാനമായിരുന്നു വളര്‍ച്ചാ അനുമാനം. ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്കര്‍മാരുടെയും യോഗം ഈയാഴ്ച നടക്കാനിരിക്കെയാണ് ഐഎംഎഫ് മുന്നറിയിപ്പുമായെത്തിയത്.
“ആഗോള സാമ്പത്തിക വളര്‍ച്ച ഗണ്യമായി കുറഞ്ഞു. അതേസമയം പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നു,” ഐഎംഎഫ് അനുബന്ധ കുറിപ്പില്‍ പറഞ്ഞു, സമീപകാല സൂചകങ്ങള്‍ “വളരെ ദുര്‍ബലമായ” രണ്ടാം പാദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആഗോള കടപ്രതിസന്ധിയെക്കുറിച്ചും ജോര്‍ജീവ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലിശനിരക്ക് ഉയര്‍ത്തുന്നതും ദുര്‍ബലരായ രാജ്യങ്ങള്‍ കടം വാങ്ങുന്നത് ഏറുകകയും ചെയ്യുന്നതാണ് വായാപാ പ്രതിസന്ധി ഉയര്‍ത്തുന്നത്. ഈവര്‍ഷത്തേയും അടുത്തവര്‍ഷത്തേയും യു.എസ് ജിഡിപി വളര്‍ച്ചാ നിരക്ക് അനുമാനം ഐഎംഎഫ് ഈയിടെ കുറച്ചിരുന്നു.