ന്യൂഡല്‍ഹി: ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് അമേരിക്കയുടെ ദീര്‍ഘകാല പരമാധികാര ക്രെഡിറ്റ് റേറ്റിംഗ് എഎഎയില്‍ നിന്ന് എഎ + ലേക്ക് താഴ്ത്തി. ചരിത്രത്തിലാദ്യമായാണ് യുഎസിന് ഫിച്ച് ടോപ്പ് ടയര്‍ എഎഎ റേറ്റിംഗ് നഷ്ടപ്പെടുന്നത്. യുഎസ് അഭിമുഖീകരിക്കുന്ന വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക വെല്ലുവിളികളാണ്, ക്രെഡിറ്റ് റേറ്റിംഗ് തരംതാഴ്ത്തുന്നതിലേയ്ക്ക് നയിച്ചത്.
തുടര്‍ച്ചയായ ബജറ്റ് കമ്മി, വര്‍ദ്ധിച്ചുവരുന്ന ദേശീയ കടം, പലിശ പേയ്‌മെന്റുകള്‍ എന്നിവയുമായി യുഎസ് പോരാടുകയാണ്. ഈ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നത് ഉയര്‍ന്ന വായ്പാ ചെലവിലേക്ക് നയിക്കുകയും സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും സാമ്പത്തിക ദുര്‍ബലത വര്‍ദ്ധിപ്പിക്കുകയും ചെയ്യും, റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
യുഎസ് ക്രെഡിറ്റ് റേറ്റിംഗ് എഎ + ലേക്ക് തരംതാഴ്ത്തുന്നത് ആഭ്യന്തരമായും ആഗോളതലത്തിലും കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ലോകമെമ്പാടും സുരക്ഷിത ആസ്തിയായി പരിഗണിക്കുന്ന ഒന്നാണ് യുഎസ് ട്രഷറി ബോണ്ടുകള്‍. റേറ്റിംഗ് കുറയുന്നതോടെ യീല്‍ഡ് വര്‍ദ്ധിക്കുകയും നിക്ഷേപകര്‍ ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യും.
ഇത് ബോണ്ടുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതോടെ ബോണ്ടുകള്‍ക്ക് വിലയില്ലാതാകും. യുഎസ് സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ക്രമേണ വര്‍ദ്ധിക്കുമെന്ന് ഫിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള ഇക്വിറ്റി വിപണികള്‍ ഹ്രസ്വകാലത്തില്‍ മോശം അവസ്ഥയിലായിരിക്കും.