
വരുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്‍റെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹം ശക്തം. കഴിഞ്ഞ വര്‍ഷം ജൂലൈ 23 ന് അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു.
ഇതോടെ സ്വര്‍ണ്ണ ഇറക്കുമതി കൂടുകയും വ്യാപാരകമ്മി ഉയരുകയും ചെയ്തു. ഇത് പരിഗണിച്ചാണ് വരാനിരിക്കുന്ന ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുന്നതിന് കേന്ദ്രം ആലോചിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപഭോക്താവ് എന്ന നിലയില്‍, ഇന്ത്യയുടെ ആവശ്യകതയുടെ ഭൂരിഭാഗവും നിറവേറ്റുന്നതിന് ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
രാജ്യത്തെ സ്വര്‍ണാഭരണ വിപണിയെ ശക്തമാക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടിയാല്‍ അത് ആഭരണങ്ങളാക്കി മാറ്റി കയറ്റുമതി ചെയ്യുന്നതിലൂടെ സ്വര്‍ണാഭരണം, രത്ന വ്യവസായ മേഖലക്ക് നേട്ടം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ തീരുവ കുറച്ചതോടെ സ്വര്‍ണത്തിന്‍റെ ഇറക്കുമതി കൂടിയെങ്കിലും കയറ്റുമതി കാര്യമായി മെച്ചപ്പെട്ടില്ല.
2024 ഓഗസ്റ്റില്‍ സ്വര്‍ണ്ണ ഇറക്കുമതി ഏകദേശം 104 ശതമാനം വര്‍ദ്ധിച്ച് 10.06 ബില്യണ്‍ ഡോളറിലെത്തി. അതേ കാലയളവില്‍, ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 23 ശതമാനത്തിലധികം കുറഞ്ഞ് 1.99 ബില്യണ്‍ ഡോളറായി.
2024 നവംബറില്‍ സ്വര്‍ണ്ണ ഇറക്കുമതി 331.5% വര്‍ദ്ധിച്ച് 14.86 ബില്യണ്‍ ഡോളറിലെത്തി. തൊട്ടു മുന്‍ വര്‍ഷം ഇതേ കാലയളവിലിത് 3.44 ബില്യണ്‍ ഡോളറായിരുന്നു ്. രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയില്‍ 26.26% ഇടിവുമുണ്ടായി.
സ്വര്‍ണ്ണ ഇറക്കുമതിയിലൂടെ ആഭ്യന്തര ഉപഭോഗം മാത്രമാണ് നടക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് കണക്കിലെടുത്ത് സ്വര്‍ണത്തിന്‍റെ തീരുവ കൂട്ടാനാണ് ധനമന്ത്രി ആലോചിക്കുന്നത്.
വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചാല്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലെത്തും. നിലവില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.