സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

2024ല്‍ യൂണികോണ്‍ പദവിയിലെത്തിയത് 6 സ്റ്റാര്‍ട്ടപ്പുകള്‍

തിഞ്ഞ താളത്തില്‍ അവസാനിച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2024ല്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം വളര്‍ന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം രണ്ട് സ്റ്റാര്‍പ്പ് കമ്പനികള്‍ മാത്രമാണ് യൂണികോണ്‍ പദവിയിലെത്തിയതെങ്കില്‍ ഇക്കൊല്ലം ആറ് കമ്പനികള്‍ ബില്യന്‍ ഡോളര്‍ ക്ലബ്ബിലെത്തി.

ഇതോടെ രാജ്യത്തെ യൂണികോണ്‍ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 117ലെത്തി. 2022ല്‍ 21 സ്റ്റാര്‍ട്ടപ്പുകളും 2021ല്‍ 42 സ്റ്റാര്‍ട്ടപ്പുകളും യൂണികോണ്‍ പദവിയിലെത്തിയെന്ന് കൂടി ചേര്‍ത്ത് വായിക്കണം.

യൂണിക്കോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍
ഒരു ബില്യണ്‍ ഡോളറിലധികം (ഏകദേശം 8,486 കോടി രൂപ) മൂല്യമുള്ള ഒരു സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനിയെയാണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളെന്ന് വിളിക്കുന്നത്. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ ഐലീന്‍ ലീയാണ് ഈ പദത്തിന് പിന്നില്‍.

ഇന്ത്യയില്‍ നിലവില്‍ 4.12 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ 117 എണ്ണമാണ് യൂണികോണ്‍ പദവിയിലുള്ളതെന്ന് മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ‘tracxn’ കണക്കുകള്‍ പറയുന്നു.

ഇക്കൊല്ലം സെപ്റ്റംബര്‍ 12ന് മണി വ്യൂവിനെയാണ് അവസാനമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് (2024 ഡിസംബര്‍ 11ലെ കണക്കനുസരിച്ച്). ഏതര്‍ എനര്‍ജി, റാപ്പിഡോ, പോര്‍ട്ടര്‍, പെര്‍ഫിയോസ്, ക്രൂട്രിം എന്നിവയാണ് ഇക്കൊല്ലമെത്തിയ മറ്റ് യൂണിക്കോണുകള്‍.

ഭവീഷ് അഗര്‍വാളിന്റെ ക്രൂട്രിം
ഓല ഇലക്ട്രിക് സി.ഇ.ഒ ഭവീഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള എ.ഐ സ്റ്റാര്‍ട്ടപ്പായ ക്രൂട്രിം എ.ഐയാണ് ഇക്കൊല്ലത്തെ ആദ്യ യൂണികോണായത്.

ഒരുബില്യന്‍ ഡോളര്‍ മൂല്യം കണക്കാക്കി 50 മില്യന്‍ ഡോളറാണ് (ഏകദേശം 424 കോടി രൂപ) കമ്പനി ജനുവരിയില്‍ സമാഹരിച്ചത്. 2023ല്‍ ആരംഭിച്ച കമ്പനി ലാര്‍ജ് ലാംഗ്വേജ് മോഡലിലാണ് (എല്‍.എല്‍.എം) ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

20 ഇന്ത്യന്‍ ഭാഷകള്‍ മനസിലാക്കാനും 10 ഭാഷകളില്‍ ടെക്സ്റ്റ് ജനറേറ്റ് ചെയ്യാനും കഴിയുന്ന മോഡലുകള്‍ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വന്തം എ.ഐ മോഡല്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

പെര്‍ഫിയോസ് (Perfios)
മാര്‍ച്ചെത്തിയപ്പോള്‍ ബംഗളൂരു ആസ്ഥാനമായ ഫിന്‍ടെക് സാസ് (SaaS – സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്) കമ്പനിയായ പെര്‍ഫിയോസും (Perfios) യൂണികോണ്‍ നേട്ടം സ്വന്തമാക്കി.

80 മില്യന്‍ ഡോളറാണ് കമ്പനി സമാഹരിച്ചത്. 2008ല്‍ വി.ആര്‍ ഗോവിന്ദരാജന്‍, ദേബാശിഷ് ചക്രവര്‍ത്തി എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനിക്ക് നിലവില്‍ 18ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

പോര്‍ട്ടര്‍ (Porter)
ലോജിസ്റ്റിക്‌സ് മേഖലയിലെ നൂതന സ്റ്റാര്‍ട്ടപ്പായ പോര്‍ട്ടര്‍ ഇക്കൊല്ലം മേയിലാണ് യൂണികോണായത്.

ഒരു ബില്യന്‍ മൂല്യം കണക്കാക്കി കമ്പനി 25 കോടി സമാഹരിച്ചതോടെയാണ് ചരിത്ര നേട്ടം സ്വന്തമായത്. പ്രണവ് ഗോയല്‍, ഉത്തം ഡിഗ്ഗ, വികാസ് ചൗധരി എന്നിവര്‍ ചേര്‍ന്ന് 2014ലാണ് ഇന്‍ട്രാ-സിറ്റി ലോജിസ്റ്റിക് കമ്പനി തുടങ്ങുന്നത്.

ഏതര്‍ എനര്‍ജി (Ather Energy)
ഇ.വി മേഖലയിലെ പ്രമുഖ കമ്പനിയായ ഏതര്‍ എനര്‍ജി (Ather Engergy) ഓഗസ്റ്റിലാണ് ബില്യന്‍ ക്ലബ്ബിലെത്തിയത്.

സര്‍ക്കാര്‍ നിയന്ത്രിത നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ നിന്നും ( എന്‍.ഐ.ഐ.എഫ്) 596 കോടി രൂപയാണ് ഏതര്‍ എനര്‍ജി സമാഹരിച്ചത്. 2013ല്‍ തരുണ്‍ മേത്തയും സ്വപ്‌നില്‍ ജെയിനും ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്.

റാപ്പിഡോ (Rapido)
ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഓല, ഊബര്‍ എന്നിവര്‍ക്ക് വെല്ലുവിളിയായി വളരുന്ന ബൈക്ക് ടാക്‌സി സേവന കമ്പനിയായ റാപ്പിഡോയും ഇക്കൊല്ലം സെപ്റ്റംബറില്‍ യൂണികോണ്‍ നേട്ടം സ്വന്തമാക്കി.

ബംഗളൂരു ആസ്ഥാനമായ കമ്പനി 120 മില്യന്‍ ഡോളറാണ് (ആയിരം കോടിയോളം രൂപ) വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലില്‍ നിന്നും സമാഹരിച്ചത്. റിഷികേഷ് എസ്.ആര്‍, പവന്‍ ഗുണ്ടുപ്പള്ളി, അരവിന്ദ് സങ്ക എന്നിവര്‍ 2015ല്‍ തുടങ്ങിയ കമ്പനിയാണ് റാപ്പിഡോ.

മണി വ്യൂ (Moneyview)
ബംഗളൂരു ആസ്ഥാനമായ ഫിന്‍ടെക് കമ്പനിയായ മണിവ്യൂവാണ് യൂണികോണ്‍ ക്ലബ്ബിലെ അവസാനത്തെ അതിഥിയായി എത്തിയത്.

2014ല്‍ പുനീത് അഗര്‍വാള്‍, സഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ കമ്പനി പേഴ്‌സണല്‍ ലോണ്‍, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സൊല്യൂഷ്യന്‍സ്, ക്രെഡിറ്റ് ട്രാക്കിംഗ് തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.

1.2 ബില്യന്‍ ഡോളര്‍ മൂല്യം കണക്കാക്കി സെപ്റ്റംബറില്‍ 38.6 കോടി ഇക്വിറ്റി ഫണ്ടിംഗിലൂടെ സമാഹരിച്ചാണ് മണിവ്യൂ യൂണികോണ്‍ ക്ലബ്ബിലെത്തിയത്.

X
Top