ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

2025ല്‍ യുപിഐ സംവിധാനം ആറ് രാജ്യങ്ങളിലേക്ക് കൂടി

ന്യൂഡൽഹി: അടുത്ത വര്‍ഷം ആറ് രാജ്യങ്ങളില്‍ കൂടി തത്സമയ യുപിഐ ഇടപാടുകൾ നടപ്പിലാക്കാനൊരുങ്ങി എന്‍ഐപിഎല്‍.

എന്‍പിസിഐയുടെ ആഭ്യന്തര പേയ്‌മെന്റ് സംവിധാനം ആഗോളതലത്തില്‍ നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് (എന്‍ഐപിഎല്‍). അടുത്ത വര്‍ഷം നാല് മുതൽ ആറ് രാജ്യങ്ങളില്‍ വരെ യുപിഐ നടപ്പിലാക്കാനാണ് ഇവർ ഒരുങ്ങുന്നത്.

നിലവില്‍ ഏഴ് രാജ്യങ്ങളില്‍ യുപിഐ ഉപയോഗിച്ച് തത്സമയം പണമിടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഖത്തര്‍, തായ്‌ലാന്‍ഡ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖല എന്നിവിടങ്ങളില്‍ യുപിഐ സംവിധാനം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഈ രാജ്യങ്ങളിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുപിഐ സംവിധാനം ഉപയോഗിച്ച് തത്സമയ ഇടപാടുകൾ നടത്താന്‍ കഴിയും.

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള പേയ്‌മെന്റ് സംവിധാനമായ എന്‍ഐപിഎല്‍ ആണ് ഇത് നടപ്പിലാക്കുക.

‘‘ഇന്ത്യയില്‍ എന്‍പിസിഐ വളരെ വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന പങ്കാളികള്‍ ഞങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്തുണ്ട്. മൂന്ന് മുതല്‍ നാല് രാജ്യങ്ങളില്‍ കൂടി ഇത് പ്രവര്‍ത്തനക്ഷമമാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുകയാണെങ്കില്‍ ആറ് രാജ്യങ്ങളില്‍ ഇത് നടപ്പിലാക്കും,’’ എന്‍ഐപിഎല്‍ സിഇഒ റിതേഷ് ശുക്ല പറഞ്ഞു. മണികണ്‍ട്രോള്‍ ഫിന്‍ടെക് കോണ്‍ക്ലേവ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ഭൂട്ടാന്‍, മൗറീഷ്യസ്, നേപ്പാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നുണ്ട്. ഭീം, ഫോണ്‍പേ, പേടിം, ഗൂഗിള്‍ പേ തുടങ്ങി ഇരുപതോളം തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഇത്തരം അന്താരാഷ്ട്ര ഇടപാടുകളെ പിന്തുണയ്ക്കുന്നു.

‘‘വ്യാപാരികളുടെ ഇടയില്‍ യുപിഐ ഇടപാടുകള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ ഞങ്ങള്‍ ഇന്ത്യയിലെ ബാങ്കുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഉപയോക്താക്കള്‍ വിദേശ വിപണിയില്‍ ഇത് ഉപയോഗിക്കുമ്പോള്‍ ആവശ്യമായ അറിയിപ്പുകള്‍ നല്‍കാന്‍ ഫിന്‍ടെക്ക് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. കൂടാതെ, നിലനില്‍ ആറ് വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ടെര്‍മിനലുകളിലും ഞങ്ങള്‍ ഇപ്പോള്‍ തത്സമയം പ്രവര്‍ത്തിക്കുന്നുണ്ട്,’’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് രാജ്യങ്ങളിലേക്ക് യുപിഐ നടപ്പിലാക്കിയതിന് പുറമെ, ഇന്ത്യയുടെ തത്സമയ പേയ്‌മെന്റ് സംവിധാനത്തിന് സമാനമായ പേയ്‌മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് എന്‍ഐപിഎല്‍ പെറു, നമീബിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

റുപേയ്ക്ക് സമാനമായി ഒരു കാര്‍ഡ് സ്‌കീം തയ്യാറാക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്(യുഎഇ), മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായി എന്‍ഐപിഎല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയിലെ യുപിഐ പോലെയുള്ള പിയര്‍ ടു പിയര്‍ (പി2പി), പിയര്‍ ടു മര്‍ച്ചന്റ് (പി2എം) ഇടപാടുകള്‍ തുടങ്ങിയ ഇടപാടുകളാണ് വിദേശത്ത് എന്‍ഐപിഎല്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ യുപിഐയെ സിംഗപ്പൂരിലെ പേനൗവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

യുപിഐ പോലെയുള്ള യുഎഇയുടെ അതിവേഗ പേയ്‌മെന്റ് സംവിധാനമായ ആനിയുമായി ഞങ്ങള്‍ ചര്‍ച്ച നടത്തി വരികയാണ്. മറ്റൊരു രാജ്യവുമായും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്, ശുക്ല പറഞ്ഞു.

X
Top