
ന്യൂഡൽഹി: ഊബർ വഴി ഓട്ടോറിക്ഷ വിളിക്കുന്നവർ ഇനി ഡ്രൈവർക്ക് നേരിട്ട് (കാഷ് ഓപ്ഷൻ) പണം നൽകണം. ഇതുവരെ ഊബർ ആപ് വഴിയും പണമടയ്ക്കാമായിരുന്നു. ഇനി യാത്രയ്ക്കൊടുവിൽ ഡ്രൈവർക്ക് പണമായോ യുപിഐ വഴിയോ കൂലി നൽകണം.
ഓട്ടോ യാത്രകളിലെ കൂലിയിൽ നിന്ന് ഊബർ കമ്മിഷൻ ഈടാക്കുന്നത് അവസാനിപ്പിച്ചതുമൂലമാണ് മാറ്റം. ഇനി മുതൽ ഡ്രൈവർമാർ ഒരു മാസം നിശ്ചിത തുക സബ്സ്ക്രിപ്ഷൻ ഫീസായി ഊബറിന് അടയ്ക്കണം. ഇതുവരെ ഓരോ യാത്രകൾക്കു നിശ്ചിത കമ്മിഷനാണ് ഊബർ എടുത്തിരുന്നത്.
സബ്സ്ക്രിപ്ഷൻ മോഡൽ പിന്തുടരുന്ന നമ്മ യാത്രി, റാപ്പിഡോ പോലെയുള്ള ഓട്ടോ ബുക്കിങ് പ്ലാറ്റ്ഫോമുകളുമായുള്ള കടുത്ത മത്സരം മൂലമാണ് കമ്മിഷൻ മോഡൽ’ ഊബർ അവസാനിപ്പിച്ചത്.
യാത്രക്കാരനെയും ഡ്രൈവറെയും ബന്ധിപ്പിക്കുന്ന ഉത്തരവാദിത്തം മാത്രമേ ഇനി ഊബറിനുണ്ടാകൂ. ആപ്പിൽ കാണിക്കുന്ന തുക തന്നെ ഈടാക്കണമെന്നു നിർബന്ധവുമില്ല.
യാത്രാക്കൂലി സംബന്ധിച്ച് ഡ്രൈവറുമായി യാത്രക്കാരൻ ധാരണയിലെത്തേണ്ടി വരാം.
ഓട്ടോറിക്ഷ യാത്രകൾക്ക് മാത്രമേ ഇത് ബാധകമാകൂ. മറ്റെല്ലാം ഊബർ റൈഡുകളും പഴയതുപോലെ തുടരും.
ഓട്ടോ യാത്രകളിലെ കൂലിക്ക് ബാധകമായ ജിഎസ്ടി സംബന്ധിച്ച അവ്യക്തതകളും അനിശ്ചിതത്വവും കമ്മിഷൻ മോഡൽ അവസാനിപ്പിക്കാൻ ഊബറിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതിൽ വ്യക്തത തേടി ഊബർ അടക്കമുള്ള കമ്പനികൾ പല തവണ കേന്ദ്രത്തെ സമീപിച്ചിരുന്നു.
മറ്റ് മാറ്റങ്ങൾ
∙ ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരൻ നൽകിയ തുക ഒരുകാരണവശാലും റീ–ഫണ്ട് ചെയ്യാൻ കഴിയില്ല.
∙ യാത്രയുടെ ഗുണനിലവാരം, പരാതികൾ അടക്കമുള്ള കാര്യങ്ങളിൽ ഇനി ഊബർ ഇടപെടില്ല.
∙ യാത്രക്കാരൻ നടത്തിയ പേയ്മെന്റ് വിവരങ്ങൾ ഊബർ നിരീക്ഷിക്കില്ല.
∙ ഊബറിലെ കാഷ്ബാക്ക് അടക്കമുള്ളവ ഓട്ടോ യാത്രകൾക്ക് ഇനി ഉപയോഗിക്കാനാവില്ല.