മുംബൈ: വ്യാജമായ വിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവരാണ് ഇവര്‍.
ഏതാണ്ട് 1,070 കോടി രൂപയുടെ വ്യാജറീഫണ്ട് അപേക്ഷകളാണ് കണ്ടെത്തിയത്. നികുതി റിട്ടേണുകളില്‍ 80സി, 80ഡി, 80ഇ, 80ജി, 80ജിജിബി, 80ജിജിസി എന്നീ വകുപ്പുകള്‍ പ്രകാരം ആളുകള്‍ തെറ്റായ കിഴിവുകള്‍ അവകാശപ്പെടുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി.
വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഇവരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ , വന്‍കിട കമ്പനികള്‍, ബഹുരാഷ്ട്ര കമ്പനികള്‍, എല്‍.എല്‍.പി., സ്വകാര്യ ലിമിറ്റഡ് കമ്പനികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിനുപുറമെ, തെറ്റായ കിഴിവുകള്‍ അവകാശപ്പെട്ട ആളുകള്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആദായനികുതി വകുപ്പിന്‍റെ പരിശോധനയില്‍, നികുതിദായകര്‍ അവരുടെ ഐടിആറില്‍ ക്ലെയിം ചെയ്ത സെക്ഷന്‍ 80ജിജിബി/ 80ജിജിസിപ്രകാരമുള്ള ആകെ കിഴിവുകളും നികുതി ദായകര്‍ അവരുടെ ഐടിആറില്‍ സ്വീകരിച്ച ആകെ തുകയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
80സി, 80ഇ, 80ജി എന്നീ വകുപ്പുകള്‍ പ്രകാരം അവകാശപ്പെട്ട കിഴിവുകളിലും അവ്യക്തത കണ്ടെത്തിയിട്ടുണ്ട്. സാധാരണ തൊഴിലുടമകളുടെ (ടിഡിഎസ് ഡിഡക്റ്റര്‍മാര്‍) ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും 80ഇ, 80ജി, 80ജിജിഎ, 80ജിജിസി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം വ്യാജ കിഴിവുകള്‍ അവകാശപ്പെടുന്നതായി സംശയിക്കുന്ന എല്ലാവരെയും ബന്ധപ്പെടുമെന്ന് നികുതി വകുപ്പ് വ്യക്തമാക്കി.
ആരെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാം. 1961ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, 2022-23 മുതല്‍ 2024-25 വരെയുള്ള അസസ്മെന്‍റ് വര്‍ഷങ്ങളിലെ, അതത് അസസ്മെന്‍റ് വര്‍ഷത്തിന്‍റെ അവസാനം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പിഴവുകള്‍ പരിഹരിച്ച് നികുതിദായകര്‍ക്ക് പുതുക്കിയ റിട്ടേണുകള്‍ സമര്‍പ്പിക്കാം.