തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള പ്രത്യേക സഹായമെങ്കിലും കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന കേരളത്തിന്റെ പ്രതീക്ഷ പാഴായി. ഉടൻ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കും പിന്തുണയില്ല.
വർഷങ്ങളായി ഇതാണു പതിവെന്നതിനാൽ സംസ്ഥാന സർക്കാരിനു വലിയ ഞെട്ടലില്ല. ധനവകുപ്പു വൃത്തങ്ങൾ പങ്കുവയ്ക്കുന്ന ആശങ്ക മറ്റൊന്നാണ്. ആദായനികുതിയിളവു മൂലം കേന്ദ്ര സർക്കാരിനു നികുതിവരുമാനം കുറയുമ്പോൾ അതിന്റെ വിഹിതം ലഭിക്കുന്ന കേരളത്തിനും തിരിച്ചടിയായേക്കും.
ധന കമ്മിഷന്റെ ശുപാർശയനുസരിച്ച് സംസ്ഥാനങ്ങളിൽനിന്നു കേന്ദ്രം പിരിക്കുന്ന നികുതിയുടെ 41 ശതമാനമാണു സംസ്ഥാനങ്ങൾക്കു കൈമാറേണ്ടത്. ഈ തുകയുടെ 1.925 ശതമാനമാണു കേരളത്തിനു കിട്ടുന്നത്.
അവതരിപ്പിച്ച ബജറ്റിലെ കണക്കനുസരിച്ച് കേന്ദ്രത്തിൽനിന്ന് അടുത്ത സാമ്പത്തിക വർഷം കേരളത്തിനു നികുതിവിഹതമായി കിട്ടുക 27,382 കോടി രൂപയാണ്.
ഇതിൽ ഏറ്റവും കൂടുതൽ തുക (10,202 കോടി രൂപ) ആദായനികുതിയുടെ വിഹിതമാണ്. ആദായനികുതിയിൽ ഗണ്യമായ ഇളവ് പ്രഖ്യാപിച്ചതിനാൽ ഈയിനത്തിലെ വരുമാനം കുത്തനെ ഇടിയും.
അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി (കാപെക്സ്) കേന്ദ്രം പ്രഖ്യാപിച്ച 1.5 ലക്ഷം കോടിയുടെ പലിശരഹിത വായ്പ നേടിയെടുക്കുന്നതിൽ കേരളം പിന്നോട്ടാണ്.
കേന്ദ്രത്തിന്റെ കർശന വ്യവസ്ഥകളാണു കാരണം. ഊർജ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ കടമെടുപ്പുപരിധി അര ശതമാനം കൂടുമെന്ന പ്രഖ്യാപനത്തിലും പുതുമയില്ല.
കുറെക്കാലമായി കേരളം ഈ രീതിയിൽ കടമെടുക്കുന്നുണ്ട്.