ന്യൂഡൽഹി: ഗാർഹിക ചെലവഴിക്കല്‍ ശേഷി വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും കേന്ദ്ര ബജറ്റില്‍ വ്യക്തിഗത ആദായ നികുതിയില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.
വ്യക്തികള്‍ക്കുള്ള സ്റ്റാൻഡേഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിപ്പിക്കുന്നതോടൊപ്പം നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് ഉയർത്തുന്നതും പരിഗണിച്ചേക്കും.
12 മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വരുമാനത്തിനുള്ള നികുതി ഘടന പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകള്‍ നടന്നുവരികയാണെന്നാണ് ലഭിക്കുന്ന സൂചന.
ഇതിനായി 20 ശതമാനം നികുതി സ്ലാബ് പരിഷ്കരിക്കേണ്ടിവരും. സ്ലാബ് പരിഷ്കരണത്തിലൂടെ കൂടുതല്‍ പേർക്ക് അതിന്റെ ഗണം ലഭിക്കാൻ സഹായിക്കുമെന്നാണ് വിലിയരുത്തല്‍.
നിലവില്‍ പുതിയ സമ്ബ്രദായ പ്രകാരം 3 മുതല്‍ 7 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമാണ് നികുതി ബാധ്യത. 7 മുതല്‍ 10 ലക്ഷം രൂപവരെ 10 ശതമാനവും 10 മുതല്‍ 12 ലക്ഷം രൂപവരെ 15 ശതമാനവുമാണ് നികുതി നല്‍കേണ്ടത്. 10-15 ലക്ഷം വരുമാനമുള്ളവർ 20 ശതമാനവും അതിന് മുകളില്‍ 30 ശതമാനവുമാണ് ബാധ്യത.
കോവിഡിന് ശേഷമുള്ള മൂന്ന് വർഷത്തെ ശരാശരി വളർച്ച 8.3 ശതമാനമായിരുന്നു. നടപ്പ് സാമ്ബത്തിക വർഷം 6.4 ശതമാനമായി കുറഞ്ഞേക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് വ്യക്തിഗത ആദായ നികുതി വ്യവസ്ഥ പരിഷ്കരിക്കാനുള്ള സർക്കാരിന്റെ ശ്രമം.
ചെലവഴിക്കല്‍ ശേഷിയില്‍ കാര്യമായ വർധനവുണ്ടാക്കുന്നതിന് നികുതി കിഴിച്ചുള്ള വ്യക്തികളുടെ വരുമാനം കൂടേണ്ടതുണ്ടെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഈയിടെ ആവശ്യപ്പെട്ടിരുന്നു.
ആവശ്യകത ബോധ്യപ്പെട്ടു.
സാമ്പത്തിക മേഖല നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാൻ നികുതി വ്യവസ്ഥയിലെ മാറ്റം അനിവാര്യമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടു. അതുകൊണ്ടുതന്നെ പുതിയ നികുതി സബ്രദായത്തില്‍ കാര്യമായ മാറ്റം ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കാം.
കൂടുതല്‍ പേർക്ക് തൊഴില്‍ ഉറപ്പാക്കുക, സ്വകാര്യ ഉപഭോഗ ചെലവ് വർധിപ്പിക്കുക എന്നിവയാകും നിലവിലെ സാഹചര്യത്തില്‍ ഫലപ്രദമാകുക.
രാജ്യത്തെ ജിഡിപിയുടെ പകുതിയലിധകവും ഗാർഹിക ചെലവുമായി ബന്ധപ്പെട്ടാണ്. കോവിഡിനെ തുടർന്ന് 2020-21 സാമ്ബത്തിക വർഷത്തിലുണ്ടായ അപ്രതീക്ഷിത സാഹചര്യം മറികടന്ന് 2022 സാമ്ബത്തികവർഷത്തില്‍ ശരാശരി 5.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
നടപ്പ് സാമ്ബത്തിക വർഷം 7.2 ശതമാനം വളർച്ച നേടുമെന്നായിരുന്നു തുടക്കത്തിലെ അനുമാനം.
കോർപറേറ്റ് നികുതിയേക്കാള്‍ വ്യക്തിഗത ആദായ നികുതി വരുമാനത്തില്‍ അതിവേഗ വളർച്ചാണ് ഉണ്ടായിട്ടുള്ളത്.
മുൻ സാമ്ബത്തിക വർഷം ഈയിനത്തില്‍ 25 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തി. നടപ്പ് സാമ്ബത്തിക വർഷമാകട്ടെ 13 ശതമാനം വർധനവോടെ 11.87 ലക്ഷം കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതായത് ജിഡിപി വളർച്ചയേക്കാള്‍ വേഗത്തിലെന്ന് ചുരുക്കം.