തിരുവനന്തപുരം: പാൽ വില വർധനയിൽ മിൽമയുടെ ആവശ്യം സർക്കാർ പൂർണ്ണമായി അംഗീകരിക്കില്ല. ലിറ്ററിന് 8 രൂപ 57 പൈസ വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ സ്വീകരിക്കില്ല. പുതുക്കിയ വിലവർധന ഡിസംബർ 1 മുതൽ നിലവിൽ വന്നേക്കും.
ക്ഷീര കർഷകർക്ക് ലാഭമുണ്ടാകണമെങ്കിൽ 8 രൂപ 57 പൈസ ലിറ്ററിന് വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം. എന്നാൽ സർക്കാർ ഈ തുക അംഗീകരിക്കാൻ ഇടയില്ല. അഞ്ചു രൂപയ്ക്കും 6 രൂപയ്ക്കും ഇടയിലാവും വിലവർധന.
ഇക്കാര്യത്തിൽ ക്ഷീരവികസന വകുപ്പ് മന്ത്രിയും മിൽമ ഭാരവാഹികളും ചർച്ച നടത്തും. അടുത്ത ദിവസങ്ങളിൽ തന്നെ നടക്കുന്ന ചർച്ചയിൽ പുതുക്കിയ വില സംബന്ധിച്ച് തീരുമാനമുണ്ടാകും.
മിൽമയുടെ ആവശ്യം അപ്പാടെ അംഗീകരിക്കാതെ തന്നെ ക്ഷീരകർഷകരെ ഒപ്പം കൂട്ടാൻ ആണ് സർക്കാർ ശ്രമം. മുടങ്ങിക്കിടക്കുന്ന സബ്‌സിഡി കൂടി നൽകുന്നതോടെ ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
ലിറ്ററിന് നാലു രൂപ സബ്‌സിഡി നൽകും. നേരത്തെ നൽകിവന്നിരുന്ന സബ്‌സിഡി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഡിസംബർ ആദ്യം തന്നെ മുടങ്ങിക്കിടന്നത് ഉൾപ്പെടെയുള്ള സബ്‌സിഡി നൽകാനാണ് ലക്ഷ്യം.
എന്നാൽ വിലവർധനയിൽ മിൽമ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിലെങ്കിൽ സർക്കാർ പ്രതിരോധത്തിലാവും.