ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഇന്ത്യ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധന

  • കൂടുതൽ അപേക്ഷകർ ബിസിനസ് & മാനേജ്‌മെന്റ് വിഷയങ്ങൾക്ക്

ഇന്ത്യ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് യൂറോപ്പിലെ വിദ്യാഭ്യാസത്തോടുള്ള താൽപര്യം വലിയ തോതിൽ വർദ്ധിച്ചതായി പഠനങ്ങൾ. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്സ് തലങ്ങളിൽ യൂറോപ്പിൽ ഉന്നതപഠനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികളിൽ ഒട്ടേറെപ്പേർ ബിസിനസ്, മാനേജ്‌മെന്റ് വിഷയങ്ങളിൽ താല്പര്യം കാട്ടുന്നു. STEM (സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) വിഷയങ്ങളോടുള്ള താൽപര്യത്തിലും വർദ്ധനവുണ്ട്. പുതിയ മേഖലകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് & ബിഗ് ഡാറ്റ, ബിസിനസ് ഇന്റലിജൻസ് & അനലിറ്റിക്‌സ്, എന്റർപ്രണർഷിപ്പ്, എഞ്ചിനീയറിംഗ് മാനേജ്‌മെന്റ് എന്നിവയ്ക്കും ഈ വിദ്യാർത്ഥികൾ മുൻഗണന നൽകുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകരുള്ളത്.

2023 മെയ് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്സ് തലങ്ങളിൽ നടത്തിയ പഠനങ്ങൾ ഉൾക്കൊള്ളിച്ചുള്ള സ്റ്റഡി പോർട്ടൽസിന്റെ (studyportals.com) ‘ഡെസ്റ്റിനേഷൻ യൂറോപ്പ്’ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. ബിസിനസ് & മാനേജ്‌മെന്റ് വിഷയങ്ങൾക്കാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് ഏറ്റവുമധികം അപേക്ഷകർ ഉള്ളത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ചിൽ ഒരാൾക്ക് ബിസിനസ് & മാനേജ്‌മെന്റ് വിഷയങ്ങളിൽ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബാച്ചിലേഴ്‌സ് തലത്തിൽ, ഡിസൈൻ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്ക് ഡിമാൻഡിൽ കാര്യമായ ഇടിവുള്ളപ്പോൾ എഐ പ്രോഗ്രാമിംഗ് കോഴ്‌സുകൾക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവുണ്ട്. മാസ്റ്റേഴ്സ് തലത്തിൽ, ഇന്റർനാഷണൽ റിലേഷൻസ് രംഗത്തെ കോഴ്‌സുകളോടുള്ള താൽപര്യം കുറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾ ഡാറ്റ സയൻസ്, ബിഗ് ഡാറ്റാ ഡൊമൈനുകളിലേക്ക് തിരിയുന്നു.

അതേസമയം ഏറ്റവുമധികം അന്താരാഷ്ട്ര വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യമായ ജർമ്മനിയിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനത്തോളം കുറവുണ്ടായി. വിദേശ വിദ്യാർത്ഥികളുടെ താൽപര്യത്തിൽ ഏറ്റവുമധികം ഇടിവുണ്ടായ രാജ്യം നോർവേ ആണ്. മുൻവർഷത്തെ അപേക്ഷിച്ച് നോർവേയിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 19 ശതമാനത്തിലധികം ഇടിവുണ്ടായി. പതിവിൽ നിന്ന് വ്യത്യസ്തമായി കോഴ്‌സുകൾക്ക് ട്യൂഷൻ ഫീസ് ഏർപ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണമായതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മുൻപ് ജർമനിക്ക് സമാനമായി നോർവേയിലും മുഴുവൻ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ട്യൂഷൻ ഫീ സൗജന്യമായിരുന്നു.

എന്നാൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് തലങ്ങളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ ഇറ്റലിയുടെ പോപ്പുലാരിറ്റി വളരുകയാണ്. ഫോറിൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ജർമനിക്കും നെതർലാൻഡ്സിനും പിന്നിൽ മൂന്നാം സ്ഥാനത്തുള്ള ഇറ്റലിയിലേക്ക്, അപേക്ഷകരുടെ എണ്ണത്തിൽ 20 ശതമാനത്തിലധികം വർദ്ധനവുണ്ടായി. പോർച്ചുഗൽ ആണ് ശ്രദ്ധേയ മുന്നേറ്റം കൈവരിച്ച മറ്റൊരു രാജ്യം. ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർദ്ധനവാണ് മുൻവർഷത്തെ അപേക്ഷിച്ചുള്ളത്. യൂറോപ്പിലേക്കുള്ള ആകെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 1.26% പേരാണ് ഇത്തവണ പോർച്ചുഗൽ തെരഞ്ഞെടുത്തത്. യൂറോപ്യൻ യൂണിയനിൽ അംഗമല്ലെങ്കിലും മേഖലയിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ള യുകെയിലേക്ക് മാസ്റ്റേഴ്‌സ് വിഭാഗത്തിലെ അപേക്ഷകരിൽ 6.1% വർധനവുണ്ടായപ്പോൾ ബാച്ചിലേഴ്‌സ് പ്രോഗ്രാമുകളിലെ അപേക്ഷകരുടെ എണ്ണത്തിൽ 13.1% ഇടിവ് രേഖപ്പെടുത്തി.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2019 മുതൽ കുറയുകയാണെന്നും പഠനം വ്യക്തമാക്കുന്നു. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഏറിയപങ്കും എത്തുന്നത്.

X
Top