ബെംഗളൂരു: നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ ഉപഭോഗത്തില്‍ വർധന. നഗര-ഗ്രാമീണ മേഖലകളിലെ ഉപഭോഗത്തിലെ അസമത്വം സ്ഥിരമായി കുറഞ്ഞുവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ഗാർഹിക ഉപഭോഗ ചെലവ് സർവെ സൂചിപ്പിക്കുന്നു.
2023-24 സാമ്പത്തിക വർഷത്തെ സർവെ പ്രകാരം ഗ്രമീണ ഇന്ത്യയുടെ ശരാശരി പ്രതിമാസ ആളോഹരി ഉപഭോഗം 4,122 രൂപയാണ്. നഗരങ്ങളിലാകട്ടെ 6,996 രൂപയും.
ക്ഷേമ പദ്ധതികള്‍ വഴിയും മറ്റും സൗജന്യമായി ലഭിക്കുന്ന ഇനങ്ങളുടെ മൂല്യം ഒഴിവാക്കിയാണ് ഈ വിലയിരുത്തല്‍. പ്രതിമാസ ആളോഹരി വരുമാനത്തില്‍ ഗ്രാമങ്ങളില്‍ ഒമ്പത് ശതമാനം വളർച്ചയുണ്ടായപ്പോള്‍ നഗരങ്ങളില്‍ എട്ട് ശതമാനത്തിലൊതുങ്ങി.
ഗ്രാമങ്ങളിലെ 2.61 ലക്ഷം വീടുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. നഗരങ്ങളിലെ ഒരു ലക്ഷത്തിലധികം വീടുകളിലും സർവെ നടത്തി.
ആളോഹരി ചെലവഴിക്കലില്‍ നഗര-ഗ്രാമ വ്യത്യാസം 2011-12ലെ 84 ശതമാനത്തില്‍നിന്ന് 2022-23ല്‍ 71 ശതമാനമായി കുറഞ്ഞു. 2023-24 സാമ്പത്തിക വർഷമാകട്ടെ 70ശതമാനമായും താഴ്ന്നു. ഗ്രാമീണ മേഖലയിലെ ഉപഭോഗത്തില്‍ സ്ഥിരമായുണ്ടായ വളർച്ചയുടെ തെളിവാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പറയുന്നു.
ഭക്ഷ്യേതര ഇനങ്ങള്‍ക്കാണ് കൂടുതല്‍ ചെലവഴിക്കല്‍. ശരാശരി പ്രതിമാസ ആളോഹരി ഉപഭോഗത്തില്‍ ഭക്ഷ്യേതര ഇനങ്ങളുടെ പങ്ക് ഗ്രാമങ്ങളില്‍ 53 ശതമാനവും നഗരങ്ങളില്‍ 60 ശതമാനവുമാണ്.
യാത്ര, വസ്ത്രം, കിടക്ക, പാദരക്ഷ, വിനോദം എന്നിങ്ങനെയാണ് ഭക്ഷ്യേതര ചെലവുകള്‍ ഏറെയും. നഗരങ്ങളിലാകട്ടെ വാടക ചെലവ് എടുത്തുപറയുന്നു. ഈയിനത്തിലെ കുടുംബങ്ങളുടെ വിഹിതം ഏഴ് ശതമാനമാണ്.
പാനീയങ്ങള്‍, സംസ്കരിച്ച ഭക്ഷണ വസ്തുക്കള്‍, പാല്‍, പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ഭക്ഷ്യ ഇനങ്ങളില്‍ കൂടുതലായുള്ള ഉപഭോഗം.
ആളോഹരി പ്രതിമാസ ഉപഭോഗത്തില്‍ മുന്നില്‍ സിക്കിം ആണ്. ഗ്രാമങ്ങളില്‍ ശരാശരി 9,377 രൂപയും നഗരങ്ങളില്‍ 13,927 രൂപയുമാണ്.
ഏറ്റവും കുറവാകട്ടെ ഛത്തീസ്ഗഡിലാണ്. യഥാക്രമം 2,739 രൂപയും 4,927 രൂപയും. ഗ്രാമീണ-നഗര വ്യത്യാസം ഏറ്റവും കൂടുതല്‍ മേഘാലയിലും(104 ശതമാനം) ജാർഖണ്ഡിലും(83 ശതമാനം), ചത്തീസ്ഗഡിലു (80 ശതമാനം)മാണ്.