മുംബൈ: യൂറോപ്യന്‍ യൂണിയന്റെ കാര്‍ബണ്‍ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും രണ്ട് സംഘങ്ങള്‍ രൂപീകരിച്ചു. ഈ സമിതിയോഗങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (സിബിഎഎം) അവതരിപ്പിക്കുകയാണ്. സ്റ്റീല്‍, സിമന്റ്, വളം, അലുമിനിയം, ഹൈഡ്രോകാര്‍ബണ്‍ ഉല്‍പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ ഏഴ് കാര്‍ബണ്‍-ഇന്റന്‍സീവ് മേഖലകളില്‍ ഇത് സ്വാധീനം ചെലുത്തും.
മേയില്‍ ബ്രസല്‍സില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്ന ട്രേഡ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ (ടിടിസി) യോഗത്തിലാണ് ഇന്ത്യ ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ചത്. ഈ നികുതി മൂലം ആഭ്യന്തര എംഎസ്എംഇകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അത് പാലിക്കേണ്ട രീതികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യ അവതരിപ്പിച്ചിരുന്നു.
അതിനാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്കായി ഒരു ചാനല്‍ തുറക്കാമെന്ന് ഇരു കൂട്ടരും സമ്മതിക്കുകയായിരുന്നു. ഇരു സംഘങ്ങളും യൂറോപ്യന്‍ യൂണിയന്റെ വിജ്ഞാപനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു.
ഒരു ചെറിയ ഇന്ത്യന്‍ കയറ്റുമതിക്കാരന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നത് ചെലവേറിയ കാര്യമായതിനാല്‍ ഇന്ത്യയിലെ ചില സര്‍ട്ടിഫൈ ചെയ്യുന്ന ഏജന്‍സികളെ അംഗീകരിക്കാന്‍ ഇന്ത്യ യൂറോപ്യന്‍ യൂണിയനോട് നിര്‍ദ്ദേശിച്ചു.
തയ്യാറാക്കിക്കൊണ്ടിരിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റ് ട്രേഡിംഗ് സ്‌കീമിന് (സിസിടിഎസ്) അംഗീകാരം നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
കാര്‍ബണ്‍-ഇന്റന്‍സീവ് ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്യും. യൂറോപ്യന്‍ യൂണിയന്റെ കാര്‍ബണ്‍ നികുതിയില്‍ നിന്ന് എംഎസ്എംഇകള്‍ക്ക് ഇളവ് നല്‍കണമെന്ന് ഇന്ത്യ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്ക്-ടാങ്ക് ജിടിആര്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2026 ജനുവരി ഒന്നു മുതല്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള തെരഞ്ഞെടുത്ത ഇറക്കുമതികള്‍ക്ക് 20മുതല്‍ 35ശതമാനം വരെ കാര്‍ബണ്‍ നികുതിയായി നല്‍കേണ്ടിവരും.
ഒക്ടോബര്‍ മുതല്‍, സ്റ്റീല്‍, സിമന്റ്, വളം, അലുമിനിയം, ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ ഏഴ് കാര്‍ബണ്‍-ഇന്റന്‍സീവ് മേഖലകളില്‍ നിന്നുള്ള ആഭ്യന്തര കമ്പനികള്‍ സിബിഎഎം മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ അധികാരികളില്‍ നിന്ന് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് തേടേണ്ടിവരും.
വാണിജ്യ മന്ത്രാലയം കഴിഞ്ഞ മാസം ഈ വിഷയത്തില്‍ പങ്കാളികളുടെ വിശദമായ കൂടിയാലോചന യോഗം നടത്തുകയും സിബിഎഎം പാലിക്കുന്നതിനുള്ള വ്യവസായത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
ജിടിആര്‍ഐ (ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ്) റിപ്പോര്‍ട്ട് അനുസരിച്ച്, ഒക്ടോബര്‍ ഒന്നു മുതല്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം കയറ്റുമതി സിബിഎഎമ്മിനുകീഴില്‍ കീഴില്‍ അധിക പരിശോധന നേരിടേണ്ടിവരും.
2026 ജനുവരി ഒന്നു മുതല്‍, യൂറോപ്യന്‍ യൂണിയന്‍ സ്റ്റീല്‍, അലുമിനിയം, സിമന്റ്, വളം, ഹൈഡ്രജന്‍, വൈദ്യുതി എന്നിവയുടെ ഓരോ ചരക്കിനും കാര്‍ബണ്‍ നികുതി ഈടാക്കാന്‍ തുടങ്ങും.
2022ല്‍, 8.2 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇരുമ്പ്, ഉരുക്ക്, അലുമിനിയം ഉല്‍പ്പന്നങ്ങളാണ് യൂറോപ്യന്‍ യൂണിയനിലേക്ക് പോയത്. മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങളുടെ 27ശതമാനം വരും ഇത്.
ബഹുമുഖ തലത്തില്‍, ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും സിബിഎഎം സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ ലോക വ്യാപാര സംഘടനയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.