
ന്യൂഡൽഹി: ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപാര കരാർ പ്രാബല്യത്തിലായതോടെ വരും വർഷങ്ങളിൽ ഒരു ലക്ഷം വിദ്യാർഥികൾക്ക് ഗുണം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.
ഓസ്ട്രേലിയയിൽ ഡിപ്ലോമ പോലെയുള്ള കോഴ്സുകൾ കഴിഞ്ഞ ഇന്ത്യക്കാർക്ക് ഒന്നര വർഷം വരെയും ബിരുദം കഴിഞ്ഞവർക്ക് 2 വർഷം വരെയും പിജി കഴിഞ്ഞവർക്ക് 3 വർഷം വരെയും താൽക്കാലിക തൊഴിൽ വീസ ലഭിക്കും.
ഡോക്ടറൽ ഡിഗ്രിയുള്ളവർക്ക് പഠനം കഴിഞ്ഞ് 4 വർഷം തുടരാം. ഫസ്റ്റ് ക്ലാസ് (ഓണേഴ്സ്) നേടുന്ന ബിരുദ വിദ്യാർഥിക്ക് രണ്ടിനു പകരം 3 വർഷം അവിടെ തുടരാം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ആൻഡ് കമ്യുണിക്കേഷൻസ് ടെക്നോളജി (ഐസിടി) തുടങ്ങിയ വിഷയങ്ങളിലുള്ളവർക്കാണിത് ബാധകമാവുക. യോഗ ടീച്ചർമാർ, ഷെഫുമാർ എന്നിവർക്ക് പ്രതിവർഷം 1,800 അവസരങ്ങളുണ്ടാകും.
ശനിയാഴ്ച മുതലാണ് കരാർ പ്രാബല്യത്തിലായത്. ഇതുവഴി 10 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാരിന്റെ അവകാശവാദം.