മുംബൈ: 2022-ല്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 111 ബില്യന്‍ ഡോളറിലധികം വരുന്ന തുകയെന്ന് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) പുറത്തിറക്കിയ വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മേയ് ഏഴിനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മെക്‌സിക്കോ, ചൈന, ഫിലിപ്പീന്‍സ്, ഫ്രാന്‍സ് എന്നിവരാണ് ഇന്ത്യയ്ക്ക് പിന്നില്‍ സ്ഥാനം പിടിച്ച മറ്റ് നാല് രാജ്യങ്ങള്‍.
2010-ല്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 53.48 ബില്യന്‍ ഡോളറും, 2015-ല്‍ 68.91 ബില്യന്‍ ഡോളറും, 2020-ല്‍ 83.15 ബില്യന്‍ ഡോളറുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പാകിസ്ഥാനിലേക്ക് പ്രവാസികള്‍ അയച്ചത് 30 ബില്യന്‍ ഡോളറും ബംഗ്ലാദേശിലേക്ക് 21.5 ബില്യന്‍ ഡോളറുമാണ് അയച്ചത്.
ജോലിക്കും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറുന്നത് യുഎഇ, യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെ സംബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളാണ് പ്രധാനം.
ഗള്‍ഫിലെ കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി, ഗാര്‍ഹിക ജോലി, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.