
ന്യൂഡൽഹി: ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ. നാലാമതായിരുന്ന ഇന്ത്യ ശ്രീലങ്കയെ പിന്നിലാക്കിയാണ് ഇത്തവണ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ഉൽപ്പാദനത്തിൽ ഇടിവ് നേരിട്ടിരുന്ന തേയില വ്യവസായത്തിൽ ഇത്തവണ കുതിപ്പുണ്ടായതായാണ് വിലയിരുത്തൽ.
‘2024ൽ ഇന്ത്യയിലെ തേയില വ്യവസായത്തിൽ വലിയ വളർച്ചയാണുണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തെ അവസ്ഥ ഇതായിരുന്നില്ല.
254.67 മില്യൺ കിലോഗ്രാം തേയിലയാണ് 2024ൽ കയറ്റുമതി ചെയ്തത്. ഇത് ഒരു ദശാബ്ദത്തിലെ തന്നെ കൂടിയ നിരക്കാണ്. 7111 കോടിയാണ് കയറ്റുമതിയിൽ നിന്നുള്ള വരുമാനം’ -ചെറുകിട തേയില ഉൽപ്പാദകരുടെ അസോസിയേഷൻ സെക്രട്ടറി വിജയ് ഗോപാൽ ചക്രവർത്തി പറഞ്ഞു.
കൂടുതൽ രാജ്യങ്ങൾ ഇന്ത്യയുടെ തേയില കയറ്റുമതി കേന്ദ്രങ്ങളാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയാണ് പരമ്പരാഗതമായി ഇന്ത്യൻ തേയിലയുടെ കയറ്റുമതിയിലെ പ്രധാന രാജ്യം.
റഷ്യ, യു.എ.ഇ, യു.കെ, ഇറാൻ, ഇറഖ്, സൗദി അറേബ്യ, ചൈന, ജർമനി, തുർക്കിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ 70 ശതമാനവും. 140 കോടി കിലോഗ്രാം തേയിലയാണ് ഒരു വർഷം രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നത്.
ഇതിൽ 110 കോടിയോളം ആഭ്യന്തര വിപണിയിൽ തന്നെയാണ് വിൽക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയാണ് ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്. രണ്ടാമത് കെനിയയാണ്. ഇന്ത്യക്ക് പിന്നിലായി നാലാമത് ശ്രീലങ്കയും അഞ്ചാമത് തുർക്കിയയുമാണ്.