ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഉയര്‍ന്ന നിരക്കായ 1.93 ദശലക്ഷം ബാരലിലേയ്ക്ക് തിരിച്ചെത്തി. ഇതിന് മുന്‍പ് മെയ് മാസത്തിലാണ് ഇന്ത്യ ഇത്രയും എണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയതത്. പിന്നീട് ജൂണില്‍ റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ കുറഞ്ഞു.
അതിനു ശേഷം ജൂലൈയില്‍ ഇറക്കുമതി പുന:സ്ഥാപിക്കുകയായിരുന്നു. മുന്‍നിര യുറല്‍സ് ക്രൂഡിന്റെ ഇറക്കുമതി അളവില്‍ വര്‍ദ്ധനവുണ്ടായതായി എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ട്ടെക്‌സ ഡാറ്റ വ്യക്തമാക്കുന്നു. കയറ്റുമതി വെട്ടിക്കുറയ്ക്കല്‍,ഉയര്‍ന്ന ഡിമാന്റ്, കിഴിവുകളിലെ കുറവ്, വില പരിധി എന്നീ ഘടകങ്ങള്‍ കാരണം, അതേസമയം, വരും ദിവസങ്ങളില്‍ ഇറക്കുമതി മിതമാകാനാണ് സാധ്യത.
ജൂലൈയില്‍ ഇന്ത്യന്‍ റിഫൈനറികള്‍ ഇറക്കുമതി ചെയ്ത റഷ്യന്‍ എണ്ണ 1.92 ദശലക്ഷം ബിപിഡിയാണ്. ജൂണിനെ അപേക്ഷിച്ച് 5.3 ശതമാനം വര്‍ദ്ധന. ജൂലൈ ഇറക്കുമതിയിലെ 83.3 ശതമാനവും യുറലുകളാണ്.
യുറല്‍സ് ക്രൂഡ് ഇറക്കുമതി 17.9 ശതമാനം ഉയര്‍ന്ന് 1.60 ദശലക്ഷം ബിപിഡിയായി. മാത്രമല്ല, കഴിഞ്ഞമാസം ഇറക്കുമതി ചെയ്ത 4.58 ദശലക്ഷം ബിപിഡിയുടെ 41.9 ശതമാനവും റഷ്യന്‍ എണ്ണയാണ്. അസംസ്‌കൃത എണ്ണയായ യുറാല്‍സ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഇനമാണ്.
അതേസമയം യൂറാല്‍സിന്റെ വില ഈയിടെ ജി 7 രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പരിധി ലംഘിച്ചു. മാത്രമല്ല കിഴിവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ റഷ്യ തയ്യാറാവുകയും ചെയ്തു. ഇതോടെ വരും ദിവസങ്ങളില്‍ ഇന്ത്യ റഷ്യന്‍ എണ്ണവാങ്ങുന്നത് കുറയ്ക്കാന്‍ സാധ്യതയുണ്ട്.
ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ഇന്ത്യ-റഷ്യ എണ്ണ വ്യാപാരം കുതിച്ചുയരുകയാണ്. പാശ്ചാത്യരാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ വിലകുറച്ച് എണ്ണവില്‍ക്കാന്‍ റഷ്യ തയ്യാറായി. ആഭ്യന്തര ഉപഭോഗത്തിന്റെ 80 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ഈ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു.