
ന്യൂഡല്‍ഹി: ആപ്പിള്‍, കൊക്കകോള, വിസ, വേള്‍പൂള്‍, ലെവിസ്‌ട്രോസ് ആന്‍ഡ് കമ്പനി, സ്‌കെച്ചേഴ്സ് എന്നിവയുള്‍പ്പെടെ അര ഡസനിലധികം മള്‍ട്ടിനാഷണല്‍ ഉപഭോക്തൃ കമ്പനികളുടെ ഇന്ത്യന്‍ വിഭാഗം കാഴ്ചവച്ചത് തകര്‍പ്പന്‍ പ്രകടനം. കമ്പനികളുടെ ആഗോള ചീഫ് എക്സിക്യൂട്ടീവുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇരട്ട അക്കത്തിലാണ് ഇന്ത്യയിലെ ബിസിനസ് വളരുന്നതെന്നും കൂടുതല്‍ നിക്ഷേപം നടത്തുമെന്നും ഇവര്‍ അറിയിച്ചു.
ഇന്ത്യയുടെത് മികച്ച പാദമായിരുന്നെന്നും നിക്ഷേപം തുടരുമെന്നും കൊക്ക കോള കമ്പനി ചെയര്‍മാന്‍ ജെയിംസ് ക്വിന്‍സി വിലയിരുത്തി. ഇന്ത്യയിലെ ബിസിനസ് ഇരട്ട അക്കത്തില്‍ വികസിച്ചതായി ആപ്പിള്‍ സിഇഒ ടിം കുക്കും സ്ഥിരീകരിക്കുന്നു. എക്കാലത്തേയും ഉയര്‍ന്ന വരുമാനം സെപ്തംബര്‍ പാദത്തില്‍ രേഖപ്പെടുത്താന്‍ ആപ്പിളിനായിരുന്നു.
വിതരണ ശൃംഖലയുള്‍പ്പെടെ നിരവധി നിക്ഷേപങ്ങള്‍ നടത്തുമെന്ന് എഫ്എംസിജി ഭീമന്‍ യൂണിലിവറും പറയുന്നു. അതേസമയം,വാഷിംഗ് മെഷീനുകള്‍ക്കായുള്ള പുതിയ പ്രൊഡക്ഷന്‍ ലൈനുമായി പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുകയാണ് യുഎസ് അപ്ലയന്‍സ് നിര്‍മ്മാതാവ് വേള്‍പൂള്‍. ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസ്‌ട്രോസ് ആന്‍ഡ് കമ്പനിയുടെ വരുമാനമാകട്ടെ 68 ശതമാനം ഉയര്‍ന്നു.
പ്രധാനമായും ഇന്ത്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ വിതരണക്കാരും പ്രവര്‍ത്തനങ്ങളും കാരണം ഏഷ്യാ പസഫിക്കിലെ മൊത്ത വില്‍പ്പന വര്‍ധിച്ചതായി അമേരിക്കന്‍ ഷൂ നിര്‍മ്മാതാക്കളായ സ്‌കെച്ചേഴ്സ് ഇന്‍ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡേവിഡ് വെയ്ന്‍ബെര്‍ഗും അറിയിക്കുന്നു. മാത്രമല്ല, ഈ കമ്പനികളെല്ലാം ഐക്യകണ്‌ഠേന സമ്മതിക്കുന്ന കാര്യം ഇന്ത്യ ചൈനയെ കടത്തിവെട്ടി എന്നതാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ചൈനയിലെ ബിസിനസ് കുറഞ്ഞപ്പോള്‍ ഏഷ്യയില്‍ തങ്ങളെ തുണച്ചത് ഇന്ത്യയാണെന്ന് ഇവര്‍ പറഞ്ഞു.