
ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്നെങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം റെക്കോര്‍ഡ് തലത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉഭയകക്ഷി വ്യാപാരം കുറഞ്ഞു വരുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 0.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനയുടെ മൊത്തം വിദേശ വ്യാപാരത്തില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് ഉഭയകക്ഷി വ്യാപാരത്തില്‍ ഈ ഇടിവ് സംഭവിച്ചത്. കോവിഡിന് ശേഷം മന്ദഗതിയിലായ സമ്പദ്വ്യവസ്ഥയാണ് ചൈനയുടെ വിദേശ വ്യാപാരം കുറയാന്‍ കാരണം.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 56.53 ബില്യണ്‍ ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ 57.51 ബില്യണ്‍ ഡോളറില്‍ നിന്ന് 0.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 9.57 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 9.49 ബില്യണ്‍ ഡോളറാണ്.
2023 ന്റെ ആദ്യ പകുതിയിലെ വ്യാപാര കമ്മി കഴിഞ്ഞ വര്‍ഷത്തെ 67.08 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 47.04 ബില്യണ്‍ ഡോളറായി കുറഞ്ഞു.ഒരു രാജ്യം കയറ്റുമതിയെക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതിനെയാണ് വ്യാപാരക്കമ്മിയായി പരിഗണിക്കുന്നത്.
2022 ഇന്ത്യ-ചൈന വ്യാപാരത്തിന് വളരെ നല്ല വര്‍ഷമായിരുന്നു.കാരണം, 2022 മെയ് മാസത്തില്‍, കിഴക്കന്‍ ലഡാക്കില്‍ സൈനിക തര്‍ക്കത്തെത്തുടര്‍ന്ന് പിരിമുറുക്കം ഉണ്ടായിരുന്നിട്ടും, ഇരു രാജ്യങ്ങളും തമ്മില്‍ 135.98 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വ്യാപാരം നടന്നു.
അക്കാലത്ത് ഇന്ത്യ-ചൈന വ്യാപാരത്തില്‍ 8.4 ശതമാനം വര്‍ധനവുണ്ടായി.2021ല്‍ ഉഭയകക്ഷി വ്യാപാരം 125 ബില്യണ്‍ ഡോളറായിരുന്നു.2022-ല്‍, ഉഭയകക്ഷി ബന്ധങ്ങളിലെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടന്നു.
2021ല്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 69.38 ബില്യണ്‍ ഡോളറായിരുന്നു, ഇത് 2022 ല്‍ 101.02 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യ-ചൈന വ്യാപാരത്തില്‍ മാന്ദ്യം അനുഭവപ്പെട്ടു. ചൈനയുടെ മൊത്തം വ്യാപാരം ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഏകദേശം 5 ശതമാനം കുറഞ്ഞു.ചൈനയുടെ കയറ്റുമതി 3.2 ശതമാനവും ഇറക്കുമതി 6.7 ശതമാനവും കുറഞ്ഞു.
കഴിഞ്ഞ ജൂണില്‍, കോവിഡിന് ശേഷം സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിനാല്‍ ചൈനയുടെ കയറ്റുമതിയും ഗണ്യമായി (12.4 ശതമാനം) കുറഞ്ഞിരുന്നു.
തുടര്‍ന്ന് പണപ്പെരുപ്പം തടയാന്‍, ചൈനയിലെ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തി. അത് ഡിമാന്‍ഡ് കുറച്ചു.
ഇപ്പോള്‍ ചൈനയുടെ ആഗോള ഇറക്കുമതി 6.8 ശതമാനം കുറഞ്ഞ് 214.7 ബില്യണ്‍ ഡോളറിലെത്തിയതായി ചൈനീസ് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.