ന്യഡല്‍ഹി: കിഴിവ് കുറഞ്ഞിട്ടും ഇന്ത്യ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങല്‍ തുടരുകയാണ്. 2024 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ 12.4 ബില്യണ്‍ ഡോളര്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്തു.ഇതോടെ ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ റഷ്യ മുന്‍നിരയില്‍ തുടരുന്നു.
‘2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, ഇന്ത്യ റഷ്യയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുകയാണ്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കിഴിവ് കുറഞ്ഞു,” ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധയായ ജഹ്നവി പ്രഭാകര്‍ പറയുന്നു.
2023 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആസ്വദിച്ച പ്രീമിയം – അതായത് അന്താരാഷ്ട്ര വിലയും റഷ്യന്‍ വിതരണവും തമ്മിലുള്ള വ്യത്യാസം – ബാരലിന് 12.6 ഡോളറായിരുന്നു. ഈ വര്‍ഷം ഇതേ പാദത്തില്‍ ഇത് ബാരലിന് 8.8 ഡോളറായി കുറഞ്ഞു.ക്രൂഡ് ഓയില്‍ ഉല്‍പാദനം പ്രതിദിനം 300,000 ബാരല്‍ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ഓഗസ്റ്റ് ആദ്യം റഷ്യ പ്രഖ്യാപിച്ചിരുന്നു.
എണ്ണ വിപണി സന്തുലിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്. ആ അളവില്‍ കയറ്റുമതി വെട്ടിക്കുറയ്ക്കുമെന്നും പ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക് അറിയിച്ചു. മാര്‍ച്ച് മുതല്‍ വര്‍ഷാവസാനം വരെ എണ്ണ ഉല്‍പാദനം പ്രതിദിനം 500,000 ബാരല്‍ അല്ലെങ്കില്‍ 5% കുറയ്ക്കുമെന്ന തീരുമാനത്തിന് പുറമേയാണിത്.
ഉയര്‍ന്ന ഡിമാന്‍ഡും വലിയ ജനസംഖ്യയും കാരണം ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2023 സാമ്പത്തിക വര് ഷത്തിന്റെ ആദ്യ പാദത്തില് ഇറാഖായിരുന്നു ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കിയത്. 10.8 ബില്യണ് ഡോളര് വിലമതിക്കുന്ന ക്രൂഡ് ഓയില് ഇറാഖില്‍ നിന്നും ഇറക്കുമതി ചെയ്തു.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ബില്‍ അന്ന് ഏകദേശം 4.6 ബില്യണ്‍ ഡോളറായിരുന്നു.അതേസമയം ഇപ്പോള്‍ ഇന്ത്യയുടെ പ്രധാന എണ്ണ ഉറവിടമാണ് റഷ്യ. 2024 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ എണ്ണയ്ക്കായി ഇന്ത്യ റഷ്യയ്ക്ക് നല്‍കിയത് 12.4 ബില്യണ്‍ ഡോളറാണ്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നിരട്ടി.