ദില്ലി: ഗോതമ്പ് പൊടിയുടെയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കാൻ തയ്യാറായി കേന്ദ്രം. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കുന്നത്. എല്ലാ കയറ്റുമതിക്കാരും ഗോതമ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട അന്തർ മന്ത്രാലയ സമിതിയുടെ മുൻകൂർ അനുമതി നിർബന്ധമായും വാങ്ങണമെന്ന് കേന്ദ്രം അറിയിച്ചു.
ഗോതമ്പ് പൊടിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങളെ കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ജൂലൈ ആറിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് ജൂലൈ 12 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ജൂലൈ 6ന് മുമ്പ് കരാറായതോ, കപ്പലിൽ ലോഡിംഗ് ആരംഭിച്ചതോ, കസ്റ്റംസിന് ചരക്ക് കൈമാറിയതോ ആയ ചരക്കുകൾക്ക് നിയന്ത്രണം ബാധകമാകില്ല.
ഗോതമ്പ് പൊടിക്കോ അനുബന്ധ ഉത്പന്നങ്ങൾക്കോ പൂർണ്ണമായ നിരോധനമില്ല. പകരം നിയന്ത്രങ്ങളാണ് കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രം നിശ്ചയിച്ച പരിധിയിൽ കൂടുതൽ ചരക്കുകൾ കയറ്റുമതി ചെയ്യാൻ കഴിയില്ല. ഡിജിഎഫ്ടി വിജ്ഞാപനമനുസരിച്ച് മൈദ, റവ മുതലായ ഇനങ്ങളും കയറ്റുമതി നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര വില കുതിച്ചുയർന്നതോടെ കേന്ദ്രം മെയ് 13ന് ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. എന്നാൽ ഈ നിരോധനം മറികടക്കാൻ അസാധാരണമായ അളവിൽ ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നീക്കം. നിയന്ത്രങ്ങൾ വരുന്നതോടെ അളവിൽ കൂടുതൽ ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ സാധിക്കും.
2022 ഏപ്രിലിൽ ഇന്ത്യ ഏകദേശം 96,000 ടൺ ഗോതമ്പ് മാവ് കയറ്റുമതി ചെയ്തിട്ടുണ്ട്. 2021 ഏപ്രിലിൽ ഇത് 26,000 ടണ്ണായിരുന്നു. ഗോതമ്പ് മാവ് കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുത്തനെ കൂടിയിട്ടുണ്ട്.