
- യുഎസുമായുള്ള വ്യാപാര കരാര്‍ നന്നായി ആലോചിച്ചുറപ്പിച്ച ശേഷം മാത്രം
മുംബൈ: സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് ഇന്ത്യ ഒരിക്കലും വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടാറില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. പകരത്തിന് പകരം താരിഫുകള്‍ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിയിലാണ് പ്രതികരണം.
വ്യാപാര ചര്‍ച്ചകളില്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദം ഇന്ത്യ അംഗീകരിക്കില്ല. യുഎസുമായി ഉഭയകക്ഷി കരാര്‍ ഒപ്പിടാന്‍ തിടുക്കം കാട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാര ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കുമായി അനുകൂല സമയത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ ചെയ്യുകയെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
‘തോക്കിന്‍ മുനയില്‍ ചര്‍ച്ചകള്‍ നടത്തില്ലെന്ന് ഞാന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. സമയബന്ധിതമായ നിയന്ത്രണങ്ങള്‍ നല്ലതാണ്, കാരണം അവ സംസാരം വേഗത്തിലാക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, പക്ഷേ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നതുവരെ, തിടുക്കം കാണിക്കുന്നത് ഒരിക്കലും നല്ലതല്ല,’ ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പുരോഗതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഇന്ത്യ ഫസ്റ്റ്’ എന്ന നയത്തിലും 2017 ഓടെ വികസിത ഭാരത്യം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തിലും ഊന്നിയാണ് ഇന്ത്യ യുഎസുമായി വ്യാപാര ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഗോയല്‍ പറഞ്ഞു.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ വ്യാപാര കരാറിന്റ ആദ്യഘട്ടത്തില്‍ തീരുമാനമാവുമെന്നാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്.
നിലവില്‍ ഇന്ത്യ-യുഎസ് വ്യാപാരം 191 ബില്യണ്‍ ഡോളറിന്റേതാണ്. 2030 ഓടെ ഇത് 500 ബില്യണ്‍ യുഎസ് ഡോളറിലേക്ക് വര്‍ധിപ്പിക്കാനാണ് വ്യാപാര കരാര്‍ ലക്ഷ്യമിടുന്നത്.