ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 6.1 ശതമാനമായി വളര്‍ന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചതാണിത്.2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് 7.2 ശതമാനമായിരിക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.
2022 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ സമ്പദ്വ്യവസ്ഥ വാര്‍ഷിക അടിസ്ഥാനത്തില്‍ യഥാക്രമം 13.2 ശതമാനം, 6.3 ശതമാനം, 4.4 ശതമാനം എന്നിങ്ങനെ മുന്നേറി.6.1 ശതമാനത്തില്‍ നേട്ടം പ്രതീക്ഷിച്ചതിലും കൂടുതലാണ്.
5.1 ശതമാനമാണ് ആര്‍ബിഐ പ്രതീക്ഷിച്ചിരുന്നത്. . 2023-24 സാമ്പത്തികവര്‍ഷത്തില്‍ 6.5 ശതമാനം ജിഡിപി വളര്‍ച്ചയും പ്രവചിക്കപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 7.6 ശതമാനം വളര്‍ച്ചയാണ് കേന്ദ്രബാങ്ക് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ചാ കുതിപ്പിന് നേതൃത്വം നല്‍കിയത് ഉത്പാദന മേഖലയാണ്. അതിന്റെ മൊത്ത മൂല്യവര്‍ദ്ധന (ജിവിഎ) 4.5 ശതമാനം വര്‍ദ്ധിച്ചു. മുന്‍പുള്ള രണ്ട് പാദങ്ങളില്‍ ഉത്പാദന മേഖല ജിവിഎ യഥാക്രമം 3.8 ശതമാനവും 1.4 ശതമാനവുമായിരുന്നു.
കാര്‍ഷിക മേഖലയും മികച്ച നേട്ടം കൈവരിച്ചു. കാര്‍ഷിക ജിവിഎ 5.5 ശതമാനമായാണ് വളര്‍ന്നത്. കഴിഞ്ഞ രണ്ട് പാദങ്ങളില്‍ ജിവിഎ 4.7 ശതമാനവും 4.1 ശതമാനവുമായിരുന്നു. അതേസമയം മുഴുവന്‍ വര്‍ഷത്തില്‍ ഉത്പാദന മേഖല പതറി.
ജിവിഎ വെറും 1.3 ശതമാനമാണ് വര്‍ദ്ധിച്ചത്. ഏങ്കിലും 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ഉത്പാദന ജിവിഎ സര്‍ക്കാര്‍ അനുമാനമായ 0.6 ശതമാനത്തേക്കള്‍ കൂടുതലാണ്.അതേസമയം, 2022-23ല്‍ കാര്‍ഷിക വളര്‍ച്ച 4 ശതമാനമായി.
ചെലവിന്റെ കാര്യത്തില്‍, ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ സ്വകാര്യ ഉപഭോഗം 2.8 ശതമാനം ഉയര്‍ന്നു. മൊത്ത സ്ഥിര മൂലധന രൂപീകരണം – നിക്ഷേപത്തിനുള്ള പ്രോക്സി – കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.9 ശതമാനമാണ് മെച്ചപ്പെട്ടത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഈ രണ്ട് ഘടകങ്ങളും യഥാക്രമം 2.2 ശതമാനവും 8.0 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
സ്വകാര്യ ഉപഭോഗം 2021-22 ലെ 11.2 ശതമാനത്തില്‍ നിന്ന് 7.5 ശതമാനം ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നു. മൊത്ത സ്ഥിര മൂലധന രൂപീകരണത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചതുപോലെ കുറഞ്ഞുവെങ്കിലും ഇരട്ട അക്കത്തിലാണ്. 2021-22 ലെ 14.6 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിര മൂലധന രൂപീകരണത്തിലെ വളര്‍ച്ച 11.4 ശതമാനമാണ്.