
പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) പുതിയ അധ്യായം രചിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഡിആർഡിഒ നിർമ്മിച്ചു.
ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോളിമർ ബാക്കിംഗും മോണോലിത്തിക്ക് സെറാമിക് പ്ലേറ്റും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 6 സ്‌നൈപ്പർ ബുള്ളറ്റുകൾക്ക് പോലും ഈ ജാക്കറ്റിൽ തുളച്ചുകയറാൻ കഴിയില്ല.
ഇത് ഉപയോഗിക്കുന്നതിലൂടെ വെടിയുണ്ടകളിൽ നിന്ന് സൈനികർക്ക് സംരക്ഷണം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കാൺപൂരിൽ സ്ഥിതി ചെയ്യുന്ന ഡിആർഡിഒയുടെ ഡിഫൻസ് മെറ്റീരിയൽ ആൻഡ് സ്റ്റോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎംഎസ്ആർഡിഇ) ആണ് ജാക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. ബിഐഎസ് 17051-2018 പ്രകാരം ടിബിആർഎൽ ചണ്ഡീഗഢിലാണ് ജാക്കറ്റ് പരീക്ഷിച്ചത്.
നിലവിൽ സൈനികർ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് ഭാരം കൂടുതലാണ്. ഇതുമൂലം നിർണായക ഓപ്പറേഷനുകളിലും സൈനികർക്ക് അധിക ഭാരം വഹിക്കേണ്ടിവരുന്നു. ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്ക്റ്റ് ഉപയോഗിക്കുന്നത് സൈനികർക്ക് ആശ്വാസകരമായിരിക്കും.
പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചതിന് ഡിഎംഎസ്ആർഡിഇയെ പ്രതിരോധ വകുപ്പ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനും അഭിനന്ദിച്ചു.
പോളിമർ ബാക്കിംഗും മോണോലിത്തിക്ക് സെറാമിക് പ്ലേറ്റും ഉപയോഗിച്ചാണ് എർഗണോമിക് ആയി ഡിസൈൻ ചെയ്ത ഫ്രണ്ട് ഹാർഡ് ആർമർ പാനൽ (എച്ച്എപി) നിർമ്മിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൈനികർക്ക് ഇവ ഓപ്പറേഷൻ സമയത്ത് ധരിക്കുന്നത് മുമ്പത്തേക്കാൾ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായിരിക്കും.
പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സുരക്ഷാ സേനാംഗങ്ങൾക്ക് എളുപ്പത്തിൽ ധരിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്റെ ചിത്രവും ഡിആർഡിഒ പുറത്തുവിട്ടിട്ടുണ്ട്.