
കൊളംബോ: സാമ്പത്തിക അസ്ഥിരതയെയും രാഷ്ട്രീയ ചരടുവലികളെയും തുടർന്ന് വൻ പ്രതിസന്ധിയിലായ ശ്രീലങ്കയെ സംരക്ഷിക്കാൻ നാല് ബില്യൺ അമേരിക്കൻ ഡോളറിന്റെ സഹായം നൽകിയതായി ഇന്ത്യ. സാമ്പത്തികമായും ഭക്ഷ്യ വസ്തുക്കളായും ശ്രീലങ്കയെ സഹായിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യ വ്യക്തമാക്കി.
ഉക്രൈൻ പ്രതിസന്ധി ഉണ്ടായ ഘട്ടം മുതൽ ഇന്ത്യ മറ്റു രാജ്യങ്ങളെയും സഹായിക്കുന്നുണ്ട്. ഭക്ഷണവും മറ്റു വസ്തുക്കളുടെയും വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാൻ ഇന്ത്യ ലോകമാകെയുള്ള വിവിധ രാജ്യങ്ങൾക്ക് സാമ്പത്തികവും അല്ലാതെയുമുള്ള സഹായം നൽകി.
2018 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉഗാണ്ടയിലെ പാർലമെന്റിൽ സംസാരിച്ചതിന് ശേഷം 42 ആഫ്രിക്കൻ രാജ്യങ്ങൾക്കായി 12 ബില്യൺ ഡോളറിന്റെ സഹായം ഇന്ത്യ നൽകി.
ലോകമാകെ സമാധാനം സ്ഥാപിക്കാനുള്ള ഐക്യരാഷ്ട്രസംഘടനയുടെ ശ്രമത്തിന് ഏറ്റവും കൂടുതൽ കരുത്ത് പകരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകമാകെ സമാധാനം പുനഃസ്ഥാപിക്കുകയും അഭിവൃദ്ധി സൃഷ്ടിക്കാനുമുള്ള ശ്രമമാണ് ഐക്യരാഷ്ട്രസഭ നടത്തുന്നത്.
ഇത്തരത്തിലുള്ള ഐക്യരാഷ്ട്ര സഭയുടെ ഒൻപത് പീസ് ബിൽഡിങ് മിഷനുകളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 5500 സൈനികരാണ് പ്രവർത്തിക്കുന്നത്.