ന്യൂഡൽഹി: ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന ഇന്ത്യ വ്യാപകമാക്കുന്നു. എന്നാൽ ചില ഇളവുകളും പ്രഖ്യാപിച്ചു. ഇലക്ട്രിക്കൽ ഉപകരണ നിർമ്മാതാക്കളുടെ ഉടമസ്ഥതയിലുള്ള ലാബുകളിൽ തന്നെ ഇനി ഗുണമേൻമാ പരിശോധന നടത്താം.
ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സർട്ടിഫിക്കേഷൻ അനുവദിക്കുക. ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാൻ ആഗ്രഹിക്കുന്ന കമ്പനികളെ ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു നീക്കം.
ഇന്ത്യയിൽ വേണ്ടത്ര പരിശോധനാ സൗകര്യങ്ങളില്ല എന്നത് ഈ രംഗത്തെ ആശങ്കയായിരുന്നു. പുതിയ നിയമത്തിൻ്റെ പശ്ചാത്തലത്തിൽ ടെസ്റ്റിംഗ് ലാബുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനികൾ രാജ്യത്ത് അധിക നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇലക്ട്രിക്കൽ ഉൽപന്ന നിർമ്മാതാക്കളുടെ ഉടമസ്ഥതയിലുള്ള ലബോറട്ടറികളിൽ പരിശോധനയും സർട്ടിഫിക്കേഷനും അനുവദിക്കും. ഇലക്ട്രിക്കൽ സാധനങ്ങളുടെ ഗുണനിലവാര നിയന്ത്രണ സംവിധാനത്തിൽ കേന്ദ്രം മാറ്റം വരുത്തുന്നത് സർക്യൂട്ട് ബ്രേക്കറുകൾ പോലെയുള്ള ഉപകരണങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കും.
പുതിയ ഗുണനിലവാര നിയന്ത്രണ സംവിധാനത്തിന് കീഴിൽ ചെറിയ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ പോലും പരിരക്ഷിക്കാനാകും. ഇന്ത്യയിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം ആഗ്രഹിക്കുന്ന കമ്പനികൾക്കും അനുകൂലമായ രീതിയിലാണ് വ്യവസായ വകുപ്പിൻെറ പുതിയ നയങ്ങൾ.
ലാബുകളുടെ എണ്ണം ഇരട്ടിയാക്കി
സർക്യൂട്ട് ബ്രേക്കറുകൾ പോലുള്ള ഇലക്ട്രിക്കൽ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ കഴിയുന്ന ലാബുകളുടെ എണ്ണം ഇന്ത്യ ഇരട്ടിയാക്കിയിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും സർട്ടിഫിക്കേഷൻ. വ്യവസായ മന്ത്രാലയമാണ് നയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ഇലക്ട്രിക്കൽ എക്യുപ്‌മെൻ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് മതിയായ ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തത് ആഭ്യന്തര വ്യവസായ രംഗത്തെ പ്രധാന പോരായ്മയായിരുന്നു. സർക്യൂട്ട് ബ്രേക്കറുകളിലെ ഗുണനിലവാര നിയന്ത്രണ സംവിധാനം ഈ ആഴ്ച ആദ്യം മുതൽ പ്രാബല്യത്തിൽ വന്നു.
സ്വിച്ചുകൾ, ഡിസ്‌കണക്ടറുകൾ, ഇലക്‌ട്രോ മെക്കാനിക്കൽ കോൺട്രാക്ടർ, മോട്ടോർ സ്റ്റാർട്ടറുകൾ, സെമികണ്ടക്ട്‍ മോട്ടോർ കൺട്രോളറുകൾ എന്നിവയുടെ ഗുണമേൻമ പരിശോധനയും ഘട്ടം ഘട്ടമായി ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രധാന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാതാക്കളുടെ ആവശ്യപ്രകാരം ടെസ്റ്റിംഗ് ലബോറട്ടറികൾ വീണ്ടും വർധിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്താൻ കഴിയുന്ന ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് സ്വകാര്യ മേഖലയിൽ ഏകദേശം 600 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.