ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന സ്മാർട്ഫോണുകൾക്കും ടാബ് ലെറ്റുകൾക്കും ഒരേ ചാർജർ വേണമെന്ന നയം 2025 മുതൽ നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഉപകരണ നിർമാതാക്കൾക്ക് സർക്കാർ നിർദേശം നൽകിയതായാണ് വിവരം.
യൂറോപ്യൻ യൂണിയന്റെ മാതൃകയിൽ എല്ലാ ഉപകരണങ്ങൾക്കും ടൈപ്പ് സി ചാർജർ നൽകാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ലാപ്ടോപ്പ് നിർമാതാക്കൾക്കും ടൈപ്പ് സി ചാർജിങ് പോർട്ടിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും 2026 ഓടെയാണ് ഇത് പ്രാബല്യത്തിൽ വരിക. സ്മാർട് വാച്ചുകൾ, ഫീച്ചർ ഫോണുകൾ എന്നിവയ്ക്ക് ഈ നിർദേശം ബാധകമാവില്ല.
ഇലക്ട്രിക് ഉപകരണങ്ങൾക്കെല്ലാം ഒരേ ഉപകരണം നിർബന്ധമാക്കുന്നതിന്റെ ഭാഗമായി 2022 ഓഗസ്റ്റിൽ കേന്ദ്രസർക്കാർ ഒരു വിദഗ്ദ സംഘത്തെ പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു.
മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണ നിർമാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു ഇത്. വാണിജ്യ കൂട്ടായ്മകളായ എഫ്.ഐ.സി.സി.ഐ, സിഐഐ, അസോച്ചം എന്നിവയ്ക്കൊപ്പം വിവിധ ഇലക്ട്രോണിക് ഉപകരണ നിർമാതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കാർബൺ ബഹിർഗമനം തടയുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തിൽ സ്വീകരിച്ചുവരുന്ന നടപടികളിലൊന്നാണിത്. ഇലക്ട്രോണിക് ഉപകരണ മാലിന്യം സൃഷ്ടിക്കപ്പെടുന്നത് കുറയ്ക്കുന്നതിന് ഇത് സഹായകരമാവും.
പുതിയ നയം നിലവിൽ വരുന്നതോടെ. ഉപഭോക്താവ് തന്റെ സ്മാർട്ഫോണിനും, ലാപ്ടോപ്പിനും ടാബിനും മറ്റ് ഉപകരണങ്ങൾക്കുമായി ഒരു ചാർജർ മാത്രം കയ്യിൽ കരുതിയാൽ മതിയാവും.
യൂറോപ്യൻ യൂണിയനിലെ ഈ നിയമത്തെ തുടർന്നാണ് ആപ്പിൾ ഐഫോണുകളിൽ ലൈറ്റ്നിങ് കേബിൾ പോർട്ട് ഒഴിവാക്കി പകരം ടൈപ്പ് സി പോർട്ട് സ്ഥാപിക്കേണ്ടി വന്നത്.