ന്യൂഡൽഹി: 2014-ൽ വെറും 400 സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. അതേ സ്ഥാനത്ത് ഇന്ന് 1,57,000 സ്റ്റാർട്ടപ്പുകളാണുള്ളത്. പത്ത് വർഷത്തിനിടെ നിരവധി സംരംഭങ്ങളും സംരംഭകരും പിറവിയെടുത്തു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്ത സ്റ്റാർട്ടപ്പ് ഹബ്ബാണ് ഇന്ത്യ.
കേന്ദ്രത്തിന്റെ ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ സംരംഭമായിരുന്നു ഇതിന് പ്രോത്സാഹമായത്. 2016-ലാണ് സ്റ്റാർട്ടപ്പ് ഇന്ത്യ ആരംഭിക്കുന്നത്. തുടക്കത്തിൽ രാജ്യത്തെ 120 ജില്ലകളിൽ മാത്രമാണ് സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നത്. ഇന്ന് 750 ജില്ലകളിലാണ് സ്റ്റാർട്ടപ്പുള്ളത്.
ഈ വർഷാവസാനത്തോടെ യുവാക്കളെയും സംരംഭങ്ങളെയും പിന്തുണച്ച് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.
ആറ് വർഷം കൊണ്ട് രാജ്യം സംരംഭകത്വ ഭാരതമായി മാറി. നഗര ഗ്രാമ വ്യത്യാസമില്ലാതെ സംരംഭങ്ങൾ ആരംഭിക്കുകയാണ്. സ്റ്റാർട്ടപ്പുകൾ തുടങ്ങാനും അവയ്‌ക്ക് വളരാനുമുള്ള അവസരവും അന്തരീക്ഷവും നൽകിയതിൽ കേന്ദ്ര സർക്കാരിന്റെ പങ്ക് വാക്കുകൾക്കതീതമാണ്.
2016 മുതൽ 2024 ഒക്ടോബർ 31 വരെ അംഗീകൃത സ്റ്റാർട്ടപ്പുകൾ 16.6 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒരു ബില്യൺ ഡോളർ (100 കോടി) വരുമാനമുള്ള യൂണികോണുകളും ഇന്ത്യയിൽ തഴച്ചുവളരുകയാണ്.
2016-ൽ എട്ട് യൂണികോണുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ ഇന്ന് 118 യൂണികോണുകളാണ് രാജ്യത്തുള്ളത്. എട്ട് ബില്യൺ ഡോളറിൽ നിന്ന് 155 ബില്യൺ ഡോളറായി സ്റ്റാർട്ടപ്പ് ഫണ്ടിംഗും ഉയർന്നു.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (CII) കണക്ക് പ്രകാരം സ്റ്റാർട്ടപ്പുകൾ 2030-ഓടെ 50 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സമ്പദ് വ്യവസ്ഥയിലേക്ക് ഒരു ട്രില്യൺ ഡോളർ (1 ലക്ഷം കോടി) കൂട്ടിച്ചേർക്കുന്നതിനും ഇത് കാരണമാകും. കഴിഞ്ഞ ദശകത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളിൽ 25 ശതമാനത്തോളം സ്റ്റാർട്ടപ്പുകളിലൂടെയായിരുന്നുവെന്നതും ശ്രദ്ധേയം.
ഗവൺമെന്റ്-ഇ- മാർക്കറ്റ് പ്ലേസ് (GeM) പോലുള്ളവ സ്റ്റാർട്ടപ്പുകൾക്കും ലഭ്യമാക്കിയതും നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതു സംഭരണ ഡീലുകൾ സുരക്ഷിതമാക്കുന്നതിനും പ്ലാറ്റ്‌ഫോം സൃഷ്ടിച്ചതും സംരംഭകർക്ക് പ്രോത്സാഹനമായി.
ഭാരത് സ്റ്റാർട്ടപ്പ് നോളജ് ആക്‌സസ് രജിസ്‌ട്രി (ഭാസ്‌കർ) പോലുള്ളവ വ്യവസായ പങ്കാളികൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനും കാരണമായി.