ന്യൂഡൽഹി: ഡിജിറ്റല്‍ പണമിടപാടുകളില്‍ ലോകത്തെ പ്രമുഖ രാജ്യങ്ങളെ പിന്നിലാക്കി ഒന്നാമതെത്തി ഇന്ത്യ. സര്‍ക്കാരിന്റെ സിറ്റിസണ്‍ എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോമായ ‘മൈഗവ്ഇന്ത്യ’യില്‍ (MyGovIndia) നിന്നുള്ള 2022-ലെ കണക്കുകൾ പ്രകാരം 8.95 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഈ കാലയളവിലെ ആഗോള ഡിജിറ്റല്‍ പണമിടപാടുകളുടെ 46 ശതമാനവും ഇന്ത്യയിലാണ് നടന്നത്.
2.92 കോടി ഡിജിറ്റല്‍ ഇടപാടുകളോടെ ബ്രസീല്‍ ആണ് രണ്ടാം സ്ഥാനത്തെത്തിയത്. 1.76 കോടി ഇടപാടുകളുമായി ചൈന മൂന്നാം സ്ഥാനത്തും 1.65 കോടി ഇടപാടുകളുമായി തായ്ലന്‍ഡ് നാലാം സ്ഥാനത്തുമെത്തി. 80 ലക്ഷം ഡിജിറ്റല്‍ ഇടപാടുകളോടെ പിന്നാലെ ദക്ഷിണ കൊറിയയും ഉണ്ട്.
നോട്ട് അസാധുവാക്കലിന് മുമ്പ് ഇന്ത്യയില്‍ നാമമാത്രമായിരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ കഴിഞ്ഞ ഒറ്റ ദശാബ്ദത്തിനകമാണ് ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.
ഇത് ഇന്ത്യയുടെ പണമിടപാട് സംവിധാനത്തിന്റെയും അതിന്റെ സ്വീകാര്യതയുടെയും കരുത്തിനെ സൂചിപ്പിക്കുന്നുവെന്ന് ആര്‍.ബി.ഐയിലെ വിദഗ്ധര്‍ പറയുന്നു.