ദാവോസ്: യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഡിജിറ്റൽ പേയ്മെന്റുകളെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കൂടുതലാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.
അടുത്ത കാലത്തായി, രാജ്യത്ത് ഡിജിറ്റൽ രൂപത്തിലുള്ള പേയ്മെന്റുകൾ വർദ്ധിച്ചു വരികയാണ്. ഭാരത് ഇന്റർഫേസ് ഫോർ മണി-യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (BHIM-UPI), ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (IMPC) എന്നിവയാണ് ഡിജിറ്റൽ പേയ്മെന്റുകളുടെ ഏറ്റവും ജനപ്രിയമായ രൂപങ്ങൾ. ഉപയോക്താക്കൾക്കു പ്രിയപ്പെട്ട പേയ്മെന്റ് രീതിയായി UPI ഉയർന്നുവന്നിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഡിജിറ്റൽ പേയ്മെന്റുകളെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കൂടുതലാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
‘2022 ഡിസംബറിൽ, ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ വാർഷികാടിസ്ഥാനത്തിൽ 1.5 ട്രില്യൺ ഡോളറായിരുന്നു. യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലെ മൊത്തം ഡിജിറ്റൽ ഇടപാടുകൾ താരതമ്യം ചെയ്ത് അവ സംയോജിപ്പിച്ചാൽ, ഇന്ത്യയുടെ കണക്കുകൾ അതിലും കൂടുതലാണ്”, ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ യുപിഐ പേയ്മെന്റുകൾ 12.82 ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു. ഇതേ മാസം മൊത്തം 782 കോടി ഇടപാടുകൾ നടന്നതായി റിപ്പോർട്ട് ചെയ്തു. യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റുകൾ 12 ലക്ഷം കോടി രൂപ കടന്ന ഒക്ടോബറിലെ കണക്കിനേക്കാൾ കൂടുതലാണിത്. നവംബറിൽ യുപിഐ വഴി 11.90 ലക്ഷം കോടി രൂപയുടെ 730.9 കോടി ഇടപാടുകൾ നടന്നു.
ലളിതമായി പറഞ്ഞാൽ, ഇന്റർ-ബാങ്ക് ഇടപാടുകളെ സഹായിക്കുന്ന ഒരു തൽക്ഷണ തത്സമയ പേയ്മെന്റ് സംവിധാനമാണ് UPI. ലളിതമായ ഘട്ടങ്ങളിലൂടെയാണ് ഈ ഇടപാട് മൊബൈൽ വഴി നടത്തുന്നത്. UPI ഇടപാടുകൾക്ക് നിരക്കുകളൊന്നും ബാധകമല്ല.