
ന്യൂഡല്‍ഹി: ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാരം ഇനി ഇന്ത്യന്‍ രൂപയിലും (INR) തീര്‍പ്പാക്കാം.ക്വാലാലംപൂര്‍ ആസ്ഥാനമായുള്ള ഇന്ത്യാ ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് മലേഷ്യ (IIBM), ഇന്ത്യയിലെ അതിന്റെ അനുബന്ധ ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇതിനായി വോസ്ട്രോ അക്കൗണ്ട് തുറന്നു. നിലവില്‍ മലേഷ്യ ഇന്ത്യയുടെ പതിമൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്.
മാത്രമല്ല, ആസിയാനിലെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും. മലേഷ്യയുടെ ആദ്യ പത്ത് വ്യാപാര പങ്കാളികളില്‍ ഇന്ത്യയുമുണ്ട്. ചരക്കുകളും സേവനങ്ങളും നിക്ഷേപങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഉഭയകക്ഷി സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (CECA) 2011 ജൂലൈ യില്‍ രാജ്യം മലേഷ്യയുമായി സ്ഥാപിച്ചിരുന്നു.
സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങളാണ് ഉഭയകക്ഷി പങ്കാളിത്തത്തിന്റെ മുഖ്യഘടകം. ഇന്ത്യന്‍ രൂപയില്‍ (INR) അന്താരാഷ്ട്ര വ്യാപാരം തീര്‍പ്പാക്കാന്‍ 2022 ജൂലൈ തൊട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുകയാണ്. ആര്‍ബിഐയുടെ ഉദ്യമം ആഗോള വ്യാപാരം സുഗമമാക്കുകയും രൂപയില്‍ ആഗോള വ്യാപാര സമൂഹത്തിന്റെ താല്‍പ്പര്യം വര്‍ധിപ്പിക്കുകയും ചെയ്യും.
റുപീ ഡ്രോയിംഗ് അറേഞ്ച്മെന്റുകള്‍ക്ക് (ആര്‍ഡിഎ) കീഴില്‍, ഒരു പങ്കാളി രാജ്യത്തെ ബാങ്ക് പ്രത്യേക ഐഎന്‍ആര്‍ അക്കൗണ്ട് തുറന്നാണ് രൂപയില്‍ വ്യാപാരം സാധ്യമാക്കുന്നത്.