ന്യൂഡല്‍ഹി: 2025-26 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം അസാധ്യമാണെന്ന് ഫിച്ച് റേറ്റിംഗ്‌സ്. ലക്ഷ്യത്തിലേയ്‌ക്കെത്താനുള്ള പാത നിര്‍ണ്ണയിക്കാന്‍ സര്‍ക്കാറിനാകാത്തതാണ് കാരണം. മാത്രമല്ല 2023 ലക്ഷ്യമായ 6.4 ശതമാനം ധനകമ്മി കൈവരിക്കാനും സാധിക്കില്ല.
ഫിച്ച് റേറ്റിംഗ്‌സിന്റെ ഡയറക്ടര്‍ ജെറീമി സൂക്ക് ദേശീയ മാധ്യമത്തെ അറിയിച്ചതാണിക്കാര്യം. ലക്ഷ്യം നേടാനാവശ്യമായ വ്യക്തമായ നടപടികള്‍ പ്രഖ്യാപിക്കാത്തത് റേറ്റിംഗിനെ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ധനകമ്മി 3.5 ശതമാനമാക്കി കുറക്കുമെന്നായിരുന്നു 2020 ലെ ബജറ്റ് വാഗ്ദാനം.
എന്നാല്‍ കോവിഡ് സംബന്ധമായ ചെലവുകള്‍ വര്‍ധിക്കുകയും വരവ് കുറയുകയും ചെയ്തതോടെ ലക്ഷ്യം നിരര്‍ത്ഥകമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് 2026 ഓടെ 4.5 ശതമാനം ധനകമ്മി എന്ന പുതിയ ലക്ഷ്യം അവതരിപ്പിച്ചത്. എന്നാല്‍ ഓരോ വര്‍ഷത്തേയും ലക്ഷ്യം നിശ്ചയിക്കാന്‍ സര്‍ക്കാറിനായിട്ടില്ല.
മാത്രമല്ല, ഹ്രസ്വകാല ധനകമ്മി എത്ര ആയിരിക്കണം എന്ന കാര്യത്തിലും വ്യക്തതയില്ല. ഇക്കാരണം കൊണ്ടുതന്നെ ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് സൂക്ക് നിരീക്ഷിച്ചു.ഉയര്‍ന്ന സബ്‌സിഡിയും മറ്റ് ചെലവുകളും കാരണം നടപ്പ് സാമ്പത്തികവര്‍ഷത്തിലും ധനകമ്മി ലക്ഷ്യം കൈവരിക്കാന്‍ സാധിക്കില്ല.
നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ലക്ഷ്യത്തേയ്ക്കാള്‍ 40 ബേസിസ് പോയിന്റിലധികം ധനകമ്മി ഉയരുകയും ചെയ്യും. എന്നാല്‍ ഉയര്‍ച്ച എത്ര ആയിരിക്കും എന്ന് വെളിപെടുത്താന്‍ സൂക്ക് തയ്യാറായില്ല. ജൂണില്‍ ഇന്ത്യയുടെ റേറ്റിംഗ് നെഗറ്റീവില്‍ നിന്നും സ്ഥിരതയിലേയ്ക്ക് ഫിച്ച് ഉയര്‍ത്തിയിരുന്നു.