മുംബൈ: വികസിത രാഷ്ട്രമായി മാറുന്നതിന് അടുത്ത 25 വർഷത്തേക്ക് ഇന്ത്യ പ്രതിവർഷം 7.6 ശതമാനം വളർച്ച കൈവരിക്കണമെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ബുള്ളറ്റിൻ. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം നിലവിൽ 2,500 ഡോളറാണ്.
ലോകബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ച് ഉയർന്ന വരുമാനമുള്ള രാജ്യമായി കണക്കാക്കുന്നതിന് 2047-ഓടെ ഇത് 21,664 ഡോളറിൽ കൂടുതലായിരിക്കണമെന്നും കേന്ദ്ര ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം സൂചിപ്പിക്കുന്നു.
ഈ ലക്ഷ്യം കൈവരിക്കുന്നതിന്, 2023-24 മുതൽ 2047-48 വരെയുള്ള കാലയളവിൽ ഇന്ത്യയ്‌ക്ക് ആവശ്യമായ യഥാർത്ഥ ജി.ഡി.പി സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സി.എ.ജി.ആർ) 7.6 ശതമാനം ആകണമെന്നാണ് ആർ.ബി.ഐ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ പഠനം വ്യക്തമാക്കുന്നത്.
പണപ്പെരുപ്പത്തിന്റെ ആഘാതം കുറവായ സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥയുടെ സംയുക്ത വാർഷിക വളർച്ചാനിരക്ക് 10.6 ശതമാനം കൈവരിക്കണം. 1993-94 മുതൽ 2017-18 വരെയുള്ള 25 വർഷ കാലയളവിൽ ഇന്ത്യ കൈവരിച്ച 8.1ശതമാനം സി.എ.ജി.ആർ. ഏറ്റവും മികച്ച വളർച്ചയായി കണക്കാക്കാവുന്നതാണ്.
സുസ്ഥിരമായ വളർച്ചയുടെ നിലയിലെത്താൻ, ഇന്ത്യക്ക് ഭൗതിക മൂലധനത്തിൽ നിക്ഷേപം ആവശ്യമാണെന്നും വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന മേഖലകളിലുടനീളമുള്ള പരിഷ്‌കാരങ്ങൾ വേണമെന്നും പഠനം പറയുന്നു.
ഇന്ത്യ വികസിത സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിന് ഇനിയുള്ള 25 വർഷത്തേക്ക് രാജ്യത്തിന്റെ വ്യാവസായിക, സേവന മേഖല പ്രതിവർഷം 13 ശതമാനം വളർച്ച നേടേണ്ടതുണ്ട്.