മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്.ടി.എ) ചർച്ചകൾ പുരോഗമിക്കുന്നു. അടുത്ത വർഷം ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായേക്കുമെന്ന് ഇന്ത്യൻ സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം ആദ്യം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന എഫ്.ടി.എക്കായി ഇരുരാജ്യങ്ങളും തമ്മിൽ മസ്കത്തിൽ രണ്ടാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു.
കരാറു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔപചാരിക പ്രാരംഭ യോഗം നവംബർ 20ന് ആണ് ചേർന്നത്. തുടർന്ന് നവംബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിൽ ആദ്യ റൗണ്ട് ചർച്ചകളും നടന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും കരാർ എത്രയും വേഗം നടപ്പിലാക്കാൻ ശക്തമായ ശ്രമം നടത്തിയതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള തടസ്സങ്ങൾ കുറക്കുന്നതായിരിക്കും സ്വതന്ത്ര വ്യാപാര കരാർ. ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്നതായിരിക്കും കരാർ. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും കൂടുതൽ ഉത്പന്നങ്ങള്‍ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും.
ഇന്ത്യയിൽ നിന്ന് മോട്ടോര്‍ ഗ്യാസോലിന്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, മെഷിനറി, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ കയറ്റുമതി ഒമാനിലേക്ക് വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാട്ടുന്നു.
ഒമാനില്‍ ഈ സാധനങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവയാണ്. ഒമാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 16.5 ശതമാനം (ഏതാണ്ട് 800 മില്യണ്‍ ഡോളര്‍) ഗോതമ്പ്, മരുന്നുകള്‍, ബസുമതി അരി, ചായ, കാപ്പി, മത്സ്യം തുടങ്ങിയവയില്‍ നിന്നാണ്. ഈ ഇനങ്ങളെ നേരത്തേ തന്നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ പുതിയ എഫ്.ടി. എ കരാറിലൂടെ ഈ ഉത്പന്നങ്ങള്‍ക്ക് അധിക നേട്ടമുണ്ടാകില്ല.
ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജി.സി.സി മേഖലയിൽ യു.എ.ഇയുമായി 2022 മെയ് മാസത്തിൽ സമാനമായ രീതിയിൽ ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്.
പി.ടി.ഐ റിപ്പോർട്ട് അനുസരിച്ച് 2022-23 ഇന്ത്യൻ സാമ്പത്തിക വർഷത്തിൽ ഇന്ത്യ-ഒമാൻ ഉഭയകക്ഷി വ്യാപാരം 12.39 ശതകോടി യുഎസ് ഡോളറായിരുന്നു.
ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2018-19 സാമ്പത്തിക വർഷത്തിൽ 2.25 ശതകോടി യു.എസ് ഡോളറിൽ നിന്ന് 2022-23ൽ 4.48 ശതകോടി ഡോളറായി ഉയർന്നു.
2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒമാന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഏകദേശം എട്ട് ശതകോടി യു.എസ് ഡോളറായിരുന്നു.