ന്യൂഡൽഹി: വികസ്വര രാജ്യങ്ങൾക്കിടയിലെ ഓഹരി വിപണികളുടെ പ്രകടനം വിലയിരുത്തുന്ന സൂചികയിൽ ചൈനയെ പിന്തള്ളി ഒന്നാംസ്ഥാനം സ്വന്തമാക്കിയ ഇന്ത്യ, മറ്റൊരു സുപ്രധാന സൂചികയിലും ചൈനയെ കടത്തിവെട്ടി.
അമേരിക്കൻ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ കാപ്പിറ്റൽ ഇന്റർനാഷണൽ (എംഎസ്‍സിഐ) എമർജിങ് മാർക്കറ്റ് (ഇഎം) ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിലാണ് (ഐഎംഐ) ചൈനയെ പിന്തള്ളി ഇന്ത്യ ആദ്യമായി ഒന്നാംസ്ഥാനം ചൂടിയത്.
ഇപ്പോഴിതാ, എംഎസ്‍സിഐ എസി വേൾഡ് ഐഎംഐയിലും ഇന്ത്യ ചൈനയെ പിന്തള്ളി. 23 വികസിത രാജ്യങ്ങളിലെയും ഇന്ത്യ അടക്കമുള്ള 24 വികസ്വര രാജ്യങ്ങളിലെയും ലാർജ്, മിഡ്, സ്മോൾക്യാപ്പ് ഓഹരികളുടെ പ്രകടനം വിലയിരുത്തുന്ന സൂചികയാണിത്.
ഇതിൽ 2.35% വെയിറ്റുമായാണ് ഇന്ത്യ ചൈനയ്ക്ക് മുന്നിലെത്തിയത്. ചൈനയുടെ വെയിറ്റ് 2.24 ശതമാനത്തിലേക്ക് താഴ്ന്നു.
യുഎസ് 63% വെയിറ്റുമായി ഒന്നാംസ്ഥാനത്തുള്ള സൂചികയിൽ ചൈനയെ പിന്തള്ളി ആറാംസ്ഥാനത്തും ഇന്ത്യ എത്തി. ജപ്പാൻ (5.73%), യുകെ (3.51%), കാനഡ (2.83%), ഫ്രാൻസ് (2.38%) എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ളവ.
എംഎസ്‍സിഐ സൂചികയിൽ ഉൾപ്പെടുന്ന ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ഈ വർഷം കാഴ്ചവച്ച മുന്നേറ്റമാണ് മികച്ച നേട്ടത്തിന് സഹായിച്ചത്. ഈ വർഷം ഇതുവരെ എംഎസ്‍സിഐ ഇന്ത്യ ഇൻഡെക്സ് 23.07% ഉയർന്നപ്പോൾ ചൈനയുടെ നേട്ടം 0.30% മാത്രം.
എംഎസ്‍സിഐ ആഗോള ഇൻഡെക്സ് ഇക്കാലയളവിൽ 14.87 ശതമാനവും എംഎസ്‍സിഐ എമർജിങ് മാർക്കറ്റ് ഇൻഡെക്സ് 6.52 ശതമാനവും മാത്രമാണ് ഉയർന്നത്.
സൂചികയിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചാൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ നിക്ഷേപം നേടാൻ സഹായകമാകും. അതേസമയം, എംഎസ്‍സിഐ എമർജിങ് ഇൻഡെക്സിൽ ഇന്ത്യ ഇപ്പോഴും ചൈനയേക്കാൾ പിന്നിലാണ്.
സൂചികയിൽ ഒന്നാമതുള്ള ചൈനയുടെ വെയിറ്റ് 23.74 ശതമാനവും രണ്ടാമതുള്ള ഇന്ത്യയുടേത് 20.7 ശതമാനവുമാണ്. എന്നാൽ, ഈ സൂചികയിലും ചൈന 2020 മുതൽ തളരുകയും ഇന്ത്യ മികവ് പുലർത്തി മുന്നേറുകയുമാണ്.
കഴിഞ്ഞ നവംബറിലാണ് ഇന്ത്യ തായ്‍വാനെ പിന്തള്ളി രണ്ടാംസ്ഥാനം നേടിയത്.