ന്യൂഡൽഹി: എണ്ണയുടെ ഡിസ്‌കൗണ്ട് റഷ്യ വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിലാണ് എണ്ണയ്ക്കായി വെനസ്വേലയിലേക്ക് തിരിയാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
മറ്റ് തടസങ്ങളൊന്നുമില്ലെങ്കില്‍ അടുത്ത മാസം മുതല്‍ തന്നെ വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തു തുടങ്ങുമെന്നാണു സൂചന.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ വെനസ്വേലയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്.
യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇന്ത്യ വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചത്. ഉപരോധത്തിനു മുന്‍പ് വെനസ്വേലയില്‍ നിന്നും ഇന്ത്യ പ്രതിദിനം 3 ലക്ഷം ബാരല്‍ ക്രൂഡ് ഇറക്കുമതി ചെയ്തിരുന്നു.
2023 ഒക്ടോബറില്‍ വെനസ്വേലയ്‌ക്കെതിരെയുള്ള ഉപരോധത്തില്‍ യുഎസ് ഇളവ് വരുത്തിയതോടെ ഇപ്പോള്‍ ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം ഒത്തുവന്നിരിക്കുകയാണ്.
വന്‍ വിലക്കിഴിവില്‍ ലഭിച്ചിരുന്ന റഷ്യന്‍ ക്രൂഡിന് സമീപകാലത്ത് ഡിസ്‌ക്കൗണ്ട് വെട്ടിച്ചുരുക്കിയതോടെയാണ് ബദല്‍ മാര്‍ഗം തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.
ഒരു ബാരല്‍ ക്രൂഡിനുള്ള ഡിസ്‌ക്കൗണ്ട് റഷ്യ 2 ഡോളറാണ് വെട്ടിക്കുറച്ചത്. എന്നാല്‍ മറുവശത്താകട്ടെ 8 മുതല്‍ 10 ഡോളര്‍ വരെ ഡിസ്‌ക്കൗണ്ടില്‍ വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ ലഭിക്കും. ഈ സാഹചര്യത്തില്‍ വെനസ്വേലയില്‍നിന്നുള്ള എണ്ണ കൂടുതല്‍ അളവില്‍ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ തീരുമാനിക്കുന്നത്.
ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇക്കാര്യം മുന്നില്‍ക്കണ്ട് ക്രൂഡ് ഓയില്‍ ഇറക്കുമതി വൈവിധ്യവല്‍കരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സൗദി അറേബ്യ ഉള്‍പ്പെടുന്ന അറബ് രാജ്യങ്ങളില്‍നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഇറക്കുമതി ചെയ്തിരുന്നത്.
എന്നാല്‍ ഇനി മുതല്‍ അറബ് രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ വിവിധ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാനും ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്.