
ന്യൂഡൽഹി: എണ്ണയിലെ അമിത ആശ്രയത്വം കുറയ്ക്കാന്‍ പുനഃരുപയോ ഊര്‍ജ മേഖലയില്‍ വമ്പന്‍ പദ്ധതികളുമായി ഇന്ത്യ മുന്നോട്ടെന്ന് റിപ്പോര്‍ട്ടുകള്‍.
പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെയും, സംഭരണ പരിഹാരങ്ങളുടെയും സംയോജനത്തെ പിന്തുണയ്ക്കുന്നതിനായി 10,900 കോടി ഡോളറിന്റെ നിക്ഷേപ അവസരങ്ങള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇന്ത്യ അതിന്റെ പവര്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിന്റെ വന്‍ നവീകരണത്തിനും, വിപുലീകരണത്തിനും പദ്ധതിയിടുന്നതായാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ പുതിയ ദേശീയ വൈദ്യുത പദ്ധതി (ട്രാന്‍സ്മിഷന്‍) 2032 -ഓടെ ലക്ഷക്കണക്കിന് കിലോമീറ്റര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍, പരിവര്‍ത്തന ശേഷി, അന്തര്‍- പ്രാദേശിക പ്രസരണ ശേഷി എന്നിവ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിടുന്നു.
ദേശീയ വൈദ്യുതി പദ്ധതി പ്രകാരം 2030 -ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി സ്ഥാപിക്കാനും, 2032 -ഓടെ 600 ജിഗാവാട്ട് കൂടുതല്‍ സ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.
2047 ഓടെ രാജ്യത്തിന്റെ വൈദ്യുതി ആവശ്യം 708 ജിഗാവാട്ടായി ഉയരുമെന്ന വിലയിരുത്തലുകളാണ് ഇതിനു കാരണം. അപ്പോഴും എണ്ണയെ ആശ്രയിക്കുന്നത് തിരിച്ചടിയായേക്കും.
ആ സമയത്തെ രാജ്യത്തിന്റെ ഊര്‍ജ ആവശ്യം നിറവേറ്റുന്നതിന്, ഊര്‍ജ്ജ ശേഷി നാലിരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. 2030 -ഓടെ 500 ജിഗാവാട്ട് നോണ്‍- ഫോസില്‍ എനര്‍ജി കപ്പാസിറ്റി എന്ന ലക്ഷ്യമാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.
ഹരിത ഊര്‍ജം വഴി 2030 -ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഒരു ബില്യണ്‍ ടണ്‍ കുറയ്ക്കാനും, 2070 -ഓടെ നെറ്റ് സീറോ എമിഷന്‍ നേടാനും ഇന്ത്യ ആഗ്രഹിക്കുന്നു.