
ഹൈദരാബാദ്: ബീഫിന്റെ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ഒന്നര മില്യണ്‍ മെട്രിക് ടണ്‍ ബീഫ് ആണ് കയറ്റി അയച്ചത്. കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം ബ്രസീല്‍ ആണ്.
കഴിഞ്ഞ വര്‍ഷം അവര്‍ വിദേശങ്ങളിലേക്ക് മൂന്നു മില്ല്യണ്‍ ടണ്‍ ആണ് കയറ്റി അയച്ചത്. രണ്ടാം സ്ഥാനത്ത് അമേരിക്കയും മുന്നാമത് ഓസ്‌ട്രേലിയയും. അര്‍ജന്റീന, ന്യുസിലന്റ്, കാനഡ, യുറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളും ബീഫ് കയറ്റുമതിയില്‍ സജീവമാണ്.
അമ്പത് രാജ്യങ്ങളിലേക്കാണ് ഇന്ത്യ ബീഫ് കയറ്റി അയക്കുന്നത്. വിയറ്റ്‌നാം ആണ് ഏറ്റവും വലിയ വിപണി. മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ ബീഫിന് വലിയ ഡിമാന്റുണ്ട്.
ബീഫിന്റെ പേരിലുള്ള രാഷ്ട്രീയവും ചര്‍ച്ചകളും എന്തായിരുന്നാലും, ഇന്ത്യക്കാര്‍ ബീഫ് ഇറച്ചി കഴിക്കുന്നതില്‍ പുറകോട്ടില്ല. ബീഫിന്റെ ആഭ്യന്തര ഉപയോഗത്തിലും കയറ്റുമതിയിലും ഇന്ത്യ ലോകത്തിലെ പല വികസിത രാജ്യങ്ങളോടൊപ്പം മുന്നിലാണുള്ളത്.
2023 ല്‍ ഇന്ത്യയില്‍ ബീഫിന്റെ ഉപയോഗം മൂന്നു മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്നു. ലോകത്ത് ബീഫിന്റെ ആഭ്യന്തര ഉപയോഗത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അമേരിക്ക, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
രാജ്യത്ത് ബീഫ് ഉപയോഗവും കയറ്റുമതിയും ഉയര്‍ന്നു വരുമ്പോള്‍ കേരളത്തില്‍ ബീഫിന്റെ ഉപയോഗം വര്‍ധിക്കുന്നില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പകരം പന്നിയിറച്ചിയുടെ ഉപയോഗം കൂടുന്നുമുണ്ട്.
2017ല്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച കണക്ക് പ്രകാരം 2.57 ലക്ഷം ടണ്‍ ബീഫാണ് മലയാളികള്‍ ഭക്ഷിച്ചത്. 2018ല്‍ ഇത് 2.49 ആയി കുറഞ്ഞിരുന്നു. അതേസമയം പന്നിയിറച്ചിയുടെ ഉപയോഗം ഇതേ കാലയളവില്‍ 6880 ടണ്ണില്‍ നിന്ന് 7110 ടണ്ണായി ഉയരുകയും ചെയ്തിരുന്നു.
കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്ത് ബീഫിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പരമ്പരാഗതമായ ബീഫ് കറി, ബീഫ് ബിരിയാണി എന്നിവക്ക് പുറമെ പുതിയ രൂപത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നു.
ബഫലോ മീറ്റ് സ്റ്റ്യൂ, ബഫലോ മീറ്റ് ഫ്രൈ, ബഫലോ മീറ്റ് റോസ്റ്റ്, ബഫലോ മീറ്റ് കപ്പ ബിരിയാണി, ചില്ലി ബഫലോ മീറ്റ്, ബഫലോ മീറ്റ് ഡ്രൈ ഫ്രൈ, ബഫലോ ചില്ലി കൊണ്ടാട്ടം, വേവിച്ച ബഫലോ മീറ്റ് തുടങ്ങി 11 വ്യത്യസ്തമായ ബീഫ് വിഭവങ്ങള്‍ ടേസ്റ്റി നിബിള്‍സ് എന്ന കമ്പനി വിപണിയില്‍ ഇറക്കിയിട്ടുണ്ട്.