മുംബൈ: പത്തു വർഷത്തിനിടെ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തില്‍ കുതിപ്പ്. 2000ന് ശേഷം ഇതുവരെയുള്ള കണക്കുപ്രകാരം രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 87.63 ലക്ഷം കോടി (1,033.40 ബില്യണ്‍ ഡോളർ) ആയി. 2000 ഏപ്രിലിനും 2024 സെപ്റ്റംബറിനുമിടയിലെ നിക്ഷേപ കണക്കാണ് ഡിപ്പാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി) പുറത്തുവിട്ടത്. ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായ ഇന്ത്യയുടെ ജിഡിപി 2024ലെ കണക്കു പ്രകാരം 3.89 ട്രില്യണ്‍ ഡോളർ ആണ്.
യുഎസില്‍ നിന്നോ യൂറോപ്പില്‍നിന്നോ അല്ല, മൗറീഷ്യസില്‍നിന്നാണ് വിദേശനിക്ഷേപം ഏറ്റവും കൂടുതലെത്തിയത്. 25 ശതമാനം. സിങ്കപൂരില്‍നിന്ന് 24 ശതമാനവും യുഎസില്‍നിന്ന് 10 ശതമാനവും നിക്ഷേപമെത്തി. നെതർലാൻഡ്സ്(ഏഴ് ശതമാനം), ജപ്പാൻ (ആറ് ശതമാനം), യുകെ(അഞ്ച് ശതമാനം), യുഎഇ(മൂന്ന് ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍നിന്നെത്തിയ നിക്ഷേപങ്ങള്‍. കേയ്മാൻ ഐലൻഡ്, ജർമനി, സൈപ്രസ് എന്നിവിടങ്ങളില്‍നിന്ന് രണ്ട് ശതമാനവും നിക്ഷേപമെത്തി. സേവന മേഖലകളിലേയ്ക്കാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. കംപ്യൂട്ടർ സോഫ്റ്റ്വെയർ, ഹാർഡ്വെയർ, ടെലികമ്യൂണിക്കേഷൻ, അടിസ്ഥാന സൗകര്യവികസനം, ഓട്ടോമൊബൈല്‍, കെമിക്കല്‍സ്, ഫാർമ എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപവും.
ടെലികോം, മീഡിയ, ഫാർമ, ഇൻഷുറൻസ് മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ബന്ധപ്പെട്ട മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചാല്‍ ഈ മേഖലകളില്‍ നിക്ഷേപം നടത്താൻ കഴിയൂ. അതേസമയം, മറ്റ് പല മേഖലകളിലും റിസർവ് ബാങ്കിന്റെ അനുമതി നേടിയാല്‍ മതിയാകും. ലോട്ടറി, ചൂതാട്ടം, വാതുവെപ്പ്, ചിട്ടി, നിധി കമ്പനി, റിയല്‍ എസ്റ്റേറ്റ്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ വിദേശ നിക്ഷേപം അനുവദനീയമല്ല.