ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ പണമയക്കല്‍ നടപ്പ് വര്‍ഷം 100 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് ലോകബാങ്ക്. ഒരു രാഷ്ട്രം ഈയിനത്തില്‍ സ്വീകരിക്കുന്ന ഉയര്‍ന്ന തുകയാണ് ഇത്. വേതന വര്‍ധനവും ശക്തമായ തൊഴില്‍ വിപണിയുമാണ് പണമയക്കല്‍ കൂടാന്‍ കാരണം.
നിരവധി ഇന്ത്യക്കാര്‍ യുഎസ്, യുകെ, സിംഗപ്പൂര്‍ തുടങ്ങിയ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലേയ്ക്ക് ഈയിടെ കുടിയേറിയിരുന്നു. മികച്ച ജോലികളിലാണ് ഇവര്‍ ഏര്‍പ്പെടുന്നതും. ഇത് റെമിറ്റന്‍സ് വര്‍ധിപ്പിച്ചു.
മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള പണമൊഴുക്കിലും ഉയര്‍ച്ചയുണ്ടായി.താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കല്‍ 2022-ല്‍ 5% വര്‍ദ്ധിച്ച് ഏകദേശം $626ബില്യണ്‍ ആവുകയായിരുന്നു. മെക്സിക്കോ, ചൈന, ഈജിപ്ത്, ഫിലിപ്പീന്‍സ് എന്നീ രാഷ്ട്രങ്ങളാണ് കുടിയേറ്റ പണത്തിന്റെ മുന്‍നിര സ്വീകര്‍ത്താക്കള്‍.
അതേസമയം, ഇന്ത്യയും നേപ്പാളുമൊഴികെയുള്ള ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ സ്വീകരിച്ച തുക 10 ശതമാനം കുറഞ്ഞു. മഹാമാരിയോടനുബന്ധിച്ച് നടപ്പാക്കിയ ഇളവുകള്‍ പിന്‍വലിക്കപ്പെട്ടതാണ് കാരണം. വിലക്കയറ്റവും മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും കാരണം അടുത്ത വര്‍ഷം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യന്‍ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 3% വിദേശ ഇന്ത്യക്കാരുടെ സംഭാവനയാണ്.