ന്യൂഡല്‍ഹി: ഒരു വികസിത രാഷ്ട്രമാകുന്നതിന് ഇന്ത്യ 7.6 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)പ്രതിമാസ ബുള്ളറ്റിന്‍. ഒരു രാജ്യത്തെ ഉയര്‍ന്ന വരുമാനമുള്ള രാഷ്ട്രമായി തരംതിരിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം അതിന്റെ ആളോഹരി വരുമാനമാണ്. നിലവില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2,500 ഡോളറാണ്.
വികസിത രാഷ്ട്രമാകാന്‍ 2047 ഓടെ ഇത് 21,664 ഡോളര്‍ കവിയണം.അതിനാകട്ടെ, ഗണ്യമായ വര്‍ദ്ധനവ് ആവശ്യമാണ്. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഗവേഷണ വിഭാഗം നടത്തിയ പഠനമനുസരിച്ച്, ഒരു വികസിത രാജ്യമാകുന്നതിന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2023-24 മുതല്‍ 2047-48 വരെ 7.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കൈവരിക്കേണ്ടതുണ്ട്.
നാണയപ്പെരുപ്പത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോള്‍ 10.6 ശതമാനം സിഎജിആര്‍ ജിഡിപി വളര്‍ച്ചയാണ് വേണ്ടത്. അടുത്ത രണ്ട് ദശകങ്ങളില്‍ ഇന്ത്യ നിലനിര്‍ത്തേണ്ട വളര്‍ച്ചാ പാതയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ റിപ്പോര്‍ട്ട് നല്‍കുന്നു. അതേസമയം, വിശകലനം റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നില്ല.
2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നിലനിര്‍ത്തിയിട്ടുണ്ട്. അതേമയം നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായി കുറഞ്ഞേക്കും. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണിത്.