ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ്, പ്രമുഖ ഐടി സേവന കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകനും ചെയർമാനുമാണ് ശിവ് നാടാർ.
2024-ൽ പ്രതിദിനം 5.9 കോടി രൂപ സംഭാവന ചെയ്തതായി ഹുറൺ ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. ശിവ് നാടാർ ഫൗണ്ടേഷനിലൂടെ അദ്ദേഹം പ്രതിവർഷം സംഭാവന ചെയ്യുന്നത് 2,153 കോടി രൂപയാണ്.
ഇതിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രം ശിവ് നാടാർ പ്രതിവർഷം നൽകുന്നത് 1,992 കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന വ്യക്തി എന്ന പദവിയിലേക്ക് ശിവ് നാടാർ എത്തുന്നത്.
ഇന്ത്യയിൽ ശിവ് നാടാർ കഴിഞ്ഞാൽ സംഭാവന നൽകുന്നതിൽ രണ്ടാം സ്ഥാനത്ത് നന്ദൻ നിലേക്കനിയും കൃഷ്ണ ചിവുകുലയും ആണ്. കൂടാതെ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംഭാവനകളിൽ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയ ആദ്യ മൂന്ന് പേരിൽ ശിവ് നാടാർ ഉൾപ്പെടുന്നു.
മുൻവർഷത്തേക്കാൾ 111 കോടി രൂപയുടെ സംഭാവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ശിവ് നാടാർ തൻ്റെ സംഭാവനകൾ 5% വർദ്ധിപ്പിച്ചു എന്ന് ഹുറുൺ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
1945-ൽ തമിഴ്‌നാട്ടിലെ മൂലൈപ്പൊഴിയിലാണ് ശിവ് നാടാർ ജനിച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. 1967ൽ പൂനെയിലെ കൂപ്പർ എഞ്ചിനീയറിംഗ് ലിമിറ്റഡിൽ ജോലി ആരംഭിച്ചു.
1970ലാണ് എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപിച്ചത്. സിംഗപ്പൂർ കമ്പനിക്ക് സേവനം നൽകുന്ന ഒരു ഹാർഡ്‌വെയർ കമ്പനിയായാണ് ആരംഭിച്ചത്. 1980-കളുടെ തുടക്കത്തിൽ അവരുടെ കമ്പനിയുടെ വരുമാനം പത്ത് ലക്ഷത്തിലെത്തി.
പിന്നീട് കമ്പനി വലിയ രീതിയിൽ വളർന്നു. കിരൺ നാടാരാണ് ശിവ് നാടാരുടെ ഭാര്യ. ഇന്ത്യൻ ആർട്ട് കളക്ടറും ചാരിറ്റി പ്രവർത്തകയുമാണ് കിരൺ. ശിവ നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയും നാടാർ മ്യൂസിയം ഓഫ് ആർട്ടിന്റെ സ്ഥാപകയുമാണ് അവർ.
ശിവ് നാടാരുടെ കുടുംബം അദ്ദേഹത്തിന്റെ പേരിൽ ഒരു ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തുന്നുണ്ട്.