മുംബൈ: ആഗോള ഫാഷൻബ്രാൻഡുകളുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് അമേരിക്കൻ കണ്‍സള്‍ട്ടൻസി കമ്പനിയായ മക്കിൻസിയുടെ റിപ്പോർട്ട്.
ആഗോളതലത്തില്‍ ഫാഷൻരംഗത്ത് ദ്രുതവളർച്ച കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ വളർച്ചയുമായി മുന്നോട്ടുപോയാല്‍ 2025-ല്‍ ഇന്ത്യ ആഗോള ഫാഷൻബ്രാൻഡുകളുടെ കേന്ദ്രമായി മാറുമെന്നാണ് മക്കിൻസിയുടെ 2025-ലെ ഫാഷൻ വളർച്ച അനുമാന റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്.
2024-നെ അപേക്ഷിച്ച് 2025-ല്‍ ഇന്ത്യയില്‍ ലക്ഷ്വറി ഫാഷൻബ്രാൻഡുകളുടെ വളർച്ച 15 മുതല്‍ 20 ശതമാനം വരെയാകുമെന്ന് ഇതില്‍ പറയുന്നു.
അമേരിക്കയില്‍ ഇത് മൂന്നുമുതല്‍ അഞ്ചുശതമാനംവരെയും യൂറോപ്പില്‍ ഒന്നുമുതല്‍ മൂന്നുശതമാനം വരെയുമായിരിക്കും. ചൈനയില്‍ വളർച്ച ഇടിയുകയാണ്. അടുത്തവർഷം പൂജ്യത്തിനു താഴെ മൂന്നു ശതമാനമായിരിക്കും വളർച്ചാനിരക്ക്.
സാധാരണ ഫാഷൻ ഉത്പന്നങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ത്യയില്‍ 12 മുതല്‍ 17 ശതമാനം വരെയാണ് വളർച്ച പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ ഇത് മൂന്നുമുതല്‍ നാലുശതമാനംവരെയും യൂറോപ്പിലും ചൈനയിലും രണ്ടുമുതല്‍ നാലുശതമാനം വരെയുമായിരിക്കുമെന്നും കണക്കാക്കുന്നു.
ഇന്ത്യയിലെ 43 കോടിയോളം വരുന്ന ശക്തമായ മധ്യവർത്തി വിഭാഗക്കാരുടെ സാന്നിധ്യമാണ് ഉയർന്ന വളർച്ചയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെയും പശ്ചിമയൂറോപ്പിലെയും ചേർന്നുള്ള ഇടത്തട്ടുകാരെക്കാള്‍ കൂടുതല്‍വരുമിത്. 2030-ഓടെ ഈ സംഖ്യ 100 കോടിയാകുമെന്നും വിലയിരുത്തുന്നു.
ഡിജിെറ്റെസേഷന്റെ വരവ് ഇന്ത്യയിലെ മാറ്റം വേഗത്തിലാക്കുന്നു. യുവാക്കള്‍ വസ്ത്രങ്ങളുടെകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നുവെന്നതും സ്ഥിതി മാറ്റിമറിക്കുന്നതായി റിപ്പോർട്ട് പറയുന്നു.