ഇന്ത്യയും ദക്ഷിണകൊറിയയും തന്ത്രപ്രധാന മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പുരോഗതി അവലോകനം ചെയ്തത്.
ഹിരോഷിമയില്‍ നടന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളും ചര്‍ച്ച നത്തിയത്.
ചര്‍ച്ചയില്‍, ഇന്ത്യയും ദക്ഷിണ കൊറിയയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി അവലോകനം ചെയ്യുകയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ പരിശോധിക്കുകയും ചെയ്തു.
വ്യാപാരം, നിക്ഷേപം, ഉയര്‍ന്ന സാങ്കേതികവിദ്യ, ഐടി ഹാര്‍ഡ്വെയര്‍ നിര്‍മ്മാണം, പ്രതിരോധം, സെമികണ്ടക്റ്ററുകള്‍, സംസ്‌കാരം എന്നീ മേഖലകളിലാണ് വിശദമായ ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനത്തെക്കുറിച്ചും ദക്ഷിണ കൊറിയയുടെ ഇന്തോ-പസഫിക് തന്ത്രത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുകയാണെന്നും ഈ അവസരത്തില്‍ തളുടെ സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
ജി-20യില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ പ്രസിഡന്റ് യൂണ്‍ പങ്കെടുക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനായി താന്‍ ഉറ്റുനോക്കുന്നതായും മോദി യൂണിനെ അറിയിച്ചു.
നിലവില്‍ ഇന്ത്യയാണ് ജി20 ഗ്രൂപ്പിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്.
ദക്ഷിണ കൊറിയയുടെ ഇന്തോ-പസഫിക് തന്ത്രത്തെയും അതില്‍ ഇന്ത്യക്കുള്ള പ്രാധാന്യത്തെയും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.
ദക്ഷിണ കൊറിയ അതിന്റെ മേഖലാതലത്തിലുള്ള ഇന്തോ-പസഫിക് തന്ത്രത്തിന് 2022 ഡിസംബറിലാണ് രൂപം നല്‍കിയത്.
യുഎസും ഇന്ത്യയും മറ്റ് നിരവധി ലോകശക്തികളും ചൈനയുടെ ഉയര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. വിഭവസമൃദ്ധമായ ഒരു മേഖലയാണിത്. ഇവിടെ വര്‍ധിച്ചുവരുന്ന ചൈനയുടെ സൈനിക നീക്കങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ന് ഭീഷണിയാണ്.
തായ്വാന്‍, ഫിലിപ്പീന്‍സ്, ബ്രൂണെ, മലേഷ്യ, വിയറ്റ്നാം എന്നിവയെല്ലാം അതിന്റെ ഭാഗങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും ചൈന അവകാശപ്പെടുകയാണ്.
ദക്ഷിണ ചൈനാ കടലില്‍ ബെയ്ജിംഗ് കൃത്രിമ ദ്വീപുകളും സൈനിക കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുള്ള ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി ജപ്പാനുമായും ചൈന തര്‍ക്കത്തിലാണ്.
ജനാധിപത്യ മൂല്യങ്ങള്‍ പങ്കിടുന്ന രാജ്യങ്ങള്‍ എന്ന നിലയില്‍ ദക്ഷിണ കൊറിയയും ഇന്ത്യയും പ്രാദേശിക, ആഗോള പ്രശ്നങ്ങളില്‍ ഐക്യദാര്‍ഢ്യത്തോടെ പ്രതികരിക്കണമെന്ന് പ്രസിഡന്റ് യൂണ്‍ അഭിപ്രായപ്പെട്ടു.
ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്ന് മുന്‍പ് സംഘടിപ്പിച്ച ജനാധിപത്യ ഉച്ചകോടിയില്‍ പങ്കെടുത്തതിന് യൂണ്‍ മോദിയോട് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തന്ത്രപരമായ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണമെന്ന് മോദി അഭിപ്രായപ്പെട്ടതായി ദക്ഷിണ കൊറിയയുടെ യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാന്‍ സമ്മതിച്ചുകൊണ്ട് യൂണും മോദിയും ആദ്യമായാണ് വ്യക്തിപരമായ ചര്‍ച്ച നടത്തുന്നത്.
സ്വയം പ്രവര്‍ത്തിക്കുന്ന ഹോവിറ്റ്സറുകള്‍ ഉള്‍പ്പെടുന്ന ആയുധങ്ങളില്‍ മാത്രമല്ല, ഡിജിറ്റല്‍, ബയോ- ഹെല്‍ത്ത്, ബഹിരാകാശം തുടങ്ങിയ മേഖലകളിലും സഹകരണം മുന്നോട്ടുകൊണ്ടുപോകും.
ദക്ഷിണ കൊറിയയും ഇന്ത്യയും തമ്മില്‍ 2010-ല്‍ പ്രാബല്യത്തില്‍ വന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ നവീകരിക്കാനും ധാരണയായിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത 50 വര്‍ഷത്തേക്ക് ഉള്ള പുതിയ സഹകരണ മേഖലകള്‍ കണ്ടെത്താനും നേതാക്കള്‍ സമ്മതിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ശ്രമങ്ങളെ ഇരുരാജ്യങ്ങളും പിന്തുണയ്ക്കും. സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ വീണ്ടും കൂടിക്കാഴ്ച നടത്താനും ചര്‍ച്ചകള്‍ തുടരാനും യൂണും മോദിയും സമ്മതിച്ചിട്ടുണ്ട്.