
ന്യൂഡല്‍ഹി: 2028 ആകുമ്പോഴേക്കും ജർമനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മോർഗൻ സ്റ്റാൻലിയാണ് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്ബദ്വ്യവസ്ഥയാകുമെന്ന പ്രവചനം നടത്തിയത്.
2023ല്‍ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറായി വളർന്നിരുന്നു. 2026 ആകുമ്പോള്‍ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നാണ് മോർഗൻ സ്റ്റാൻലി റിപ്പോർട്ടില്‍ പറയുന്നത്. ഇതോടെ യു.എസ്, ചൈന, ജർമനി എന്നിവയ്ക്ക് പിന്നില്‍ നാലാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും.
2028ല്‍ ജർമനിയെ പിന്തള്ളി 5.7 ട്രില്യണ്‍ ഡോളർ സമ്പദ്വ്യവസ്ഥ എന്ന രീതിയില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും മോർഗൻസ്റ്റാൻലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ രീതിയില്‍ വളർച്ച തുടർന്നാല്‍ 2035 ആകുമ്പോഴേക്കും ഇന്ത്യ 6.6 ട്രില്യണ്‍ ഡോളർ എക്കണോമി ആയി മാറും.
1990-ല്‍ ഇന്ത്യ ലോകത്തെ 12-ാമത്തെ സമ്പദ്വ്യവസ്ഥയായിരുന്നു. പത്ത് വർഷത്തിനപ്പുറം 2000 ആയപ്പോഴേക്കും ഇന്ത്യ 13-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ 2020 ആപ്പോഴേക്കും ഇന്ത്യ ഒമ്പതാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. 2023 ആയപ്പോഴേക്കും ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറി.
മോർഗൻ സ്റ്റാൻലിയുടെ പ്രവചനങ്ങള്‍ പ്രകാരം 2029 ആകുമ്പോഴേക്കും ആഗോള ജി.ഡി.പിയുടെ 3.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ ഇന്ത്യയുടെ സംഭാവനയാകും. ജനാധിപത്യം, ജനസംഖ്യ, അടിസ്ഥാന സൗകര്യ വികസനം, സംരംഭങ്ങള്‍ തുടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് ചാലകശക്തിയായി മാറുക.
ഇത് മാത്രമല്ല, ഇന്ത്യ ലോകത്തിലേറ്റവും വലിയ ഉപഭോക്തൃവിപണിയായി മാറുമെന്നും നിർമാണ മേഖലയാകും ഇന്ത്യൻ ജിഡിപിയില്‍ പ്രധാന പങ്ക് വഹിക്കുകയെന്നും മോർഗൻ സ്റ്റാൻലി പറയുന്നു.