
ന്യൂഡൽഹി: നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) പ്രകാരം കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ഓസ്ട്രേലിയ, യുകെ, ജപ്പാൻ തുടങ്ങിയ പ്രധാന അമേരിക്കൻ സഖ്യകക്ഷികൾക്ക് തുല്യമായി നിർണായക സാങ്കേതികവിദ്യകൾ നൽകാനും ഇന്ത്യ യുഎസിനോട് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.
ടെലികോം ഉപകരണങ്ങൾ, ബയോടെക്നോളജി, എഐ (ആർട്ടിഫിഷൽ ഇന്‍റലിജൻസ്), ഫാർമസ്യൂട്ടിക്കൽസ്, ക്വാണ്ടം കംപ്യൂട്ടിംഗ്, സെമികണ്ടക്ടറുകൾ തുടങ്ങിയ മേഖലകൾക്ക് ഇന്ത്യ ഈ ഇളവുകൾ തേടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുമായുള്ള നിർദിഷ്ട കരാറിൽ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽവസ്തുക്കൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്കുകൾ, രാസവസ്തുക്കൾ, ചെമ്മീൻ, എണ്ണക്കുരുക്കൾ, രാസവസ്തുക്കൾ, മുന്തിരി, വാഴപ്പഴം തുടങ്ങി കൂടുതൽ തൊഴിൽ ആവശ്യമുള്ള മേഖലകൾക്കും രാജ്യം തീരുവ ഇളവുകൾ തേടുന്നു.
ചില വ്യാവസായിക വസ്തുക്കൾ, ഓട്ടോമൊബൈലുകൾ (പ്രത്യേകിച്ച് ഇലക്‌ട്രിക് വാഹനങ്ങൾ), വൈനുകൾ, പെട്രോകെമിക്കൽ ഉത്്പന്നങ്ങൾ, പാൽ, ആപ്പിൾ, വൃക്ഷക്കായ്കൾ പോലുള്ള കാർഷിക വസ്തുക്കൾ തുടങ്ങിയ മേഖലകളിൽ തീരുവ ഇളവുകൾ യുഎസ് ആഗ്രഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
നിർദിഷ്ട ബിടിഎയുടെ ഭാഗമായി, പ്രത്യേകിച്ച് ടെലികോം ഉപകരണങ്ങൾ, ബയോടെക്നോളജി, എഐ തുടങ്ങിയ പ്രധാന മേഖലകളിൽ കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഓസ്ട്രേലിയ, യുകെ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന യുഎസ് സഖ്യകക്ഷികൾക്ക് തുല്യമായ സ്ഥാനം നല്കാനും ഇന്ത്യ യുഎസിനോട് അഭ്യർഥിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഈ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ലഭ്യമായാൽ ഇന്ത്യക്ക് നവീകരണശേഷി ഉയർത്തുന്നതിനും അടിസ്ഥാന സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, രാജ്യത്തിന്‍റെ സാന്പത്തിക വളർച്ചയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിക്കും.
ഓസ്ട്രേലിയ, യുകെ, ജപ്പാൻ തുടങ്ങിയ അടുത്ത സഖ്യകക്ഷികളുമായുള്ള സാങ്കേതിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ടെന്ന് ജിടിആർഐ (ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റിവ്) പറയുന്നു.
നിർണായക മേഖലകളിലെ സഹകരണം എളുപ്പമാക്കുന്നതിനാണ് മാറ്റങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓസ്ട്രേലിയ-യുകെ-യുഎസ് സുരക്ഷാ ഉടമ്പടിയുടെ ഭാഗമായി, ഓസ്ട്രേലിയയുമായും യുകെയുമായും പ്രതിരോധ, സാങ്കേതികവിദ്യകൾ പങ്കിടുന്നതിനുള്ള നിയമങ്ങൾ യുഎസ് ലളിതമാക്കിയിട്ടുണ്ടെന്ന് ജിടിആർഐ പറഞ്ഞു.